കൊച്ചി: കേരളത്തിൽ നിന്നും ഐഎസിൽ ചേർന്ന് ജീവിതം നശിച്ച പെൺകുട്ടികളുടെ കഥ പറയുന്ന ദ കേരള സ്റ്റോറി സിനിമയ്‌ക്കെതിരെ ഡിവൈഎഫ്‌ഐ അഖിലേന്ത്യാ അധ്യക്ഷനും രാജ്യസഭാ എംപിയുമായ എഎ റഹീം. ‘കേരളാ സ്റ്റോറി’സംഘപരിവാറിന്റെ വിഷം പുരട്ടിയ നുണയാണെന്നാണ് റഹീമിന്റെ ആരോപണം. കേരളത്തിന്റെ കഥ ഇങ്ങനെയല്ലെന്ന് സാമാന്യബോധമുള്ള ആർക്കും തിരിച്ചറിയാവുന്നതേയുളളുവെന്നും ഈ സിനിമയ്ക്ക് പിന്നിലെ ഗൂഢാലോചനകൾ കൂടി അന്വേഷിക്കേണ്ടതാണെന്നും റഹീം പറയുന്നു.
ചിത്രത്തിനെതിരെ ഡിവൈഎഫ്‌ഐ സംസ്ഥാന നേതൃത്വം കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് റഹീമിന്റെ പ്രസ്താവന. ട്രെയിലറിൽ നിന്ന് തന്നെ ആ സിനിമ എത്രത്തോളം വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ടുള്ളതുമാണന്ന് വ്യക്തമാണെന്ന് റഹീം പറയുന്നു. ഇന്ത്യയിൽ കേരളത്തിന്റെ പേര് പറഞ്ഞു വർഗീയ സംഘർഷങ്ങൾക്ക് വഴിവയ്ക്കാനും ചിത്രത്തിലൂടെ സംഘപരിവാർ കേന്ദ്രങ്ങൾ ശ്രമിക്കുന്നതായി സംശയിക്കണമെന്നാണ് റഹീം പറയുന്നത്.
ജനാധിപത്യത്തിന് കരുത്തും കാവലുമായി നമ്മൾ ജാഗരൂകരാകണം. കേരളം ഒറ്റക്കെട്ടായി ഈ വിദ്വേഷ പ്രചരണത്തെ നേരിടണമെന്നാണ് റഹീമിന്റെ ആഹ്വാനം. വസ്തുതാ വിരുദ്ധമായ പെരും നുണകൾ ഒരു സിനിമയിലൂടെ പ്രചരിപ്പിച്ചു കേരളത്തെ അപമാനിക്കാനും, വർഗ്ഗീയ വിദ്വേഷം സൃഷ്ടിക്കാനുമാണ് ആർഎസ്എസ് ശ്രമമെന്നും റഹീം ആരോപിക്കുന്നു.
സാമൂഹ്യമുന്നേറ്റത്തിൽ ലോകത്തിന് മാതൃകയായ ഇന്ത്യൻ സംസ്ഥാനമാണ് കേരളമെന്നും നവോത്ഥാന നായകരിലൂടെയും ഇടത് രാഷ്ട്രീയത്തിന്റെ പുരോഗമന ചിന്തയിലൂടെയുമാണ് കേരളം ഈ സാമൂഹിക പുരോഗതി കൈവരിച്ചതെന്നും റഹീം ഫേസ്ബുക്ക് കുറിപ്പിൽ അവകാശപ്പെടുന്നു.
Discussion about this post