ന്യൂഡൽഹി: റെസ്ലിംഗ് ഫെഡെറേഷൻ ഓഫ് ഇന്ത്യയുടെ അദ്ധ്യക്ഷൻ ബ്രിജ് ഭൂഷൺ സിംഗിനെതിരെ പ്രതിഷേധിക്കുന്ന ഗുസ്തി താരങ്ങളെ കാണാൻ സ്ത്രീകളെ അപമാനിച്ച കേസിലെ പ്രതിയ്‌ക്കൊപ്പമെത്തി കോൺഗ്രസ് വനിതാ നേതാവ് പ്രിയങ്കാ വാദ്ര. പ്രതിഷേധക്കാരെ കാണാൻ ജന്തർ മന്തറിൽ പേഴ്‌സണൽ സെക്രട്ടറി സന്ദീപ് സിംഗിനൊപ്പമാണ് പ്രിയങ്ക എത്തിയത്. സംഭവത്തിൽ പ്രിയങ്കയ്‌ക്കെതിരെ സമൂഹമാദ്ധ്യമങ്ങളിൽ പ്രതിഷേധം ശക്തമാണ്.
പ്രിയങ്കയുടെ സന്ദർശനത്തിന് പിന്നാലെ ബിജെപി നേതാവ് ബബിത ഫോഗട്ട് ആണ് ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്തിയത്. ലൈംഗിക ചൂഷണം നേരിടുന്നതിന്റെ പേരിൽ സമരം ചെയ്യുന്ന സ്ത്രീകൾക്ക് നീതി വാങ്ങിക്കൊടുക്കാൻ പ്രിയങ്ക പേഴ്‌സണൽ സെക്രട്ടറി സന്ദീപ് സിംഗിനൊപ്പമാണ് എത്തിയത്. എന്നാൽ കൂടെ കൊണ്ടുവന്ന വ്യക്തി ഒരു പ്രതിയാണെന്ന കാര്യം കൂടി ശ്രദ്ധിക്കണമെന്ന് ബബിത ഫോഗോട്ട് വ്യക്തമാക്കി. നേരത്തെ പ്രിയങ്ക ഗാന്ധിയുടെ സന്ദർശനത്തെ ബബിതാ ഫോഗോട്ട് അപലപിച്ചിരുന്നു.
ബിഗ് ബോസ് താരമായിരുന്ന അർച്ചന ഗൗതമിനെയായിരുന്നു സന്ദീപ് സിംഗ് അപമാനിച്ചത്. സാമൂഹിക വിഷയവുമായി ബന്ധപ്പെട്ട് പ്രിയങ്കയെ കാണാൻ എത്തിയപ്പോഴായിരുന്നു സംഭവം. പ്രിയങ്കയെ കാണാൻ അർച്ചനയെ അനുവദിക്കാതിരുന്ന സന്ദീപ് ജാതീയ പരാമർശങ്ങളും താരത്തിനെതിരെ നടത്തിയിരുന്നു. ഇതോടെ പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 504, 506 എന്നീ വകുപ്പുകൾ പ്രകാരവും പട്ടിക ജാതി പട്ടിക വർഗ്ഗങ്ങൾക്ക് നേരെയുള്ള അതിക്രമങ്ങൾ തടയൽ നിയമത്തിലെ 3 (1)(ഡി), 3(1) എന്നീ വകുപ്പുകൾ പ്രകാരവുമാണ് കേസ് എടുത്തത്.
അതേസമയം സ്ത്രീകളെ അപമാനിച്ച കേസിലെ പ്രതിയ്‌ക്കൊപ്പം സമരം ചെയ്യുന്നവരെ കാണാൻ എത്തിയ പ്രിയങ്കയ്‌ക്കെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. സ്ത്രീകളെ അപമാനിച്ച കേസിലെ പ്രതി കൂടെ കൊണ്ടുനടക്കുന്ന പ്രിയങ്ക എങ്ങനെയാണ് മറ്റുള്ള സ്ത്രീകൾക്ക് നീതി വാങ്ങിക്കൊടുക്കുകയെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന ചോദ്യം.
Discussion about this post