കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ബിജെപി നേതാവിന് തൃണമൂൽ പ്രവർത്തകന്റെ വധ ഭീഷണി. ബിജെപി എംഎൽഎ ശങ്കർ ഘോഷിന് നേരെയാണ് വധ ഭീഷണിയുണ്ടായത്. സംഭവത്തിൽ അദ്ദേഹം സിലിഗുരി പോലീസ് സ്‌റ്റേഷനിൽ പരാതി നൽകി.
അടുത്തിടെ ബംഗാളിൽ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ മൃതദേഹം പോലീസുകാർ തെരുവിലൂടെ വലിച്ചിഴച്ച് കൊണ്ടുപോയിരുന്നു. കഴിഞ്ഞ ദിവസം ഇതുമായി ബന്ധപ്പെട്ട കാർട്ടൂൺ അദ്ദേഹം ട്വിറ്ററിൽ പങ്കുവച്ചിരുന്നു. മമതയുടെ ഭരണത്തെയും പോലീസിനെയും രൂക്ഷമായി വിമർശിക്കുന്നതായിരുന്നു കാർട്ടൂൺ. ഇതിന് താഴെ തൃണമൂൽ പ്രവർത്തകൻ ശങ്കറിനെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു.
‘നിങ്ങൾ എല്ലാവരും കള്ളന്മാരാണ്. സമൂഹങ്ങളിൽക്കിടയിൽ സംഘർഷം ഉണ്ടാക്കാനാണ് നിങ്ങളുടെ ശ്രമം. നിങ്ങളെ അറസ്റ്റ് ചെയ്യണം. നിങ്ങളെ കൊല്ലും’. എന്നിങ്ങനെയായിരുന്നു തൃണമൂൽ നേതാവ് ട്വിറ്റർ പോസ്റ്റിന് താഴെയായി എഴുതിയത്. ഇക്കാര്യം സമൂഹമാദ്ധ്യമ ഉപയോക്താക്കൾ ശങ്കറിന്റെ ശ്രദ്ധയിൽപ്പെടുത്തി. പരാതി നൽകണമെന്ന ആവശ്യവും ഉയർന്നു. ഇതോടെയായിരുന്നു ശങ്കർ പരാതി നൽകിയത്.
ബംഗാളിൽ ഒട്ടും സുരക്ഷിതനല്ലെന്നാണ് തോന്നുന്നത് എന്ന് ശങ്കർ നൽകിയ പരാതിയിൽ പറയുന്നു. ട്വിറ്ററിൽ ഉയർന്ന വധ ഭീഷണി ഇതിന് തെളിവാണ്. തന്നെ ഭീഷണിപ്പെടുത്തിയത് തൃണമൂൽ പ്രവർത്തകനാണെന്നും പരാതിയിൽ വ്യക്തമാക്കി. അതേസമയം ശങ്കറിന്റെ പരാതിയിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.
Discussion about this post