ടോക്കിയോ: ടോക്കിയോ സർവകലാശാലയുടെ പുതിയ സംഘടനയായ ടോക്കിയോ കോളേജിൽ വിസിറ്റിംഗ് പ്രൊഫസറായി ആലിബാബ ഗ്രൂപ്പ് സ്ഥാപകൻ ജാക്ക് മായ്ക്ക് ക്ഷണം. സർവ്വകലാശാല അധികൃതർ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കരാർ അടിസ്ഥാനത്തിലാണ് നിയമനം. നിലവിൽ ഒക്ടോബർ വരെയാണ് അദ്ദേഹത്തിന് കോളേജിൽ തുടരാനാവുക.
എന്നാൽ വാർഷികാടിസ്ഥാനത്തിൽ കരാർ പുതുക്കാവുന്നതാണെന്ന് സർവ്വകലാശാല വ്യക്തമാക്കി. ഗവേഷണ വിഷയങ്ങൾ തിരഞ്ഞെടുത്തവർക്ക് മാർഗ്ഗനിർദ്ദേശങ്ങൾ നൽകുക, മാനേജ്മെന്റ്, ബിസിനസ് സ്റ്റാർട്ടപ്പ് വിഭാഗങ്ങളിൽ പ്രഭാഷണങ്ങൾ നടത്തുക തുടങ്ങിയ കാര്യങ്ങളാണ് ജാക്ക് മായ്ക്ക് ലഭിച്ചിരിക്കുന്ന ചുമതലകൾ.
ഇക്കഴിഞ്ഞ മാർച്ചിലാണ് ജാക്ക് മാ ചൈനയിലേക്ക് മടങ്ങിയെത്തിയത്. ഒരു വർഷത്തിലധികം വിദേശത്ത് താമസിച്ച ശേഷമാണ് അദ്ദേഹത്തിന്റെ മടക്കം. ടോക്കിയോ സർവകലാശാലയും വിദേശ ഗവേഷകരും ഗവേഷണ സ്ഥാപനങ്ങളും തമ്മിലുള്ള യോജിച്ച പ്രവർത്തനത്തിന് വേണ്ടിയാണ് 2019ൽ ടോക്കിയോ കോളേജ് സ്ഥാപിതമായത്.
Discussion about this post