എ.ഐ.ക്യാമറ വഴി പിഴ ഈടാക്കാനും ടാർഗറ്റ്. ഒരു ക്യാമറ കൊണ്ട് മുന്നൂറ് നിയമലംഘനങ്ങളെങ്കിലും കണ്ടെത്തണമെന്നാണ് നിർദ്ദേശിച്ചിരിക്കുന്നത്. അതായത് ഒരു മാസം പിഴയിൽ നിന്നുള്ള വരുമാനം മാത്രം പത്തരക്കോടിയിലേറെയാകും. മോട്ടോർ വാഹന വകുപ്പും കെൽട്രോണും തമ്മിലുള്ള കരാറിലാണ് പിഴയുടെ എണ്ണം നിശ്ചയിച്ചിരിക്കുന്നത്. ഇത്രയും പിഴ പിടിക്കാൻ സാധിച്ചില്ലെങ്കിൽ ക്യാമറ മാറ്റി സ്ഥാപിക്കാനും നിർദ്ദേശമുണ്ട്.
ആകെ 726 ക്യാമറകളാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി സ്ഥാപിച്ചിരിക്കുന്നത്. ഒരു മാസം നിർബന്ധമായി പിടിക്കേണ്ട നിയമ ലംഘനങ്ങളുടെ എണ്ണം രണ്ട് ലക്ഷത്തി പതിനേഴായിരത്തി എണ്ണൂറ് ആകും. ശരാശരി പിഴത്തുക 500 വച്ച് കണക്ക് കൂട്ടിയാൽ ഒരു മാസത്തെ ഏറ്റവും കുറഞ്ഞ വരുമാനം 10 കോടി 89 ലക്ഷം രൂപ വരും. അഞ്ച് വർഷം കൊണ്ട് 653 കോടി രൂപ ജനങ്ങളിൽ നിന്ന് പിരിക്കും.
ഈ പണം ഉപയോഗിച്ചാണ് പദ്ധതിയിൽ ഇടപെട്ടിട്ടുള്ള കെൽട്രോണിനും സ്വകാര്യ കമ്പനികൾക്കുമെല്ലാം പണം പലിശ സഹിതം തിരികെ കൊടുക്കാൻ. കെൽട്രോൺ തന്നെയാണ് ക്യാമറ കൺട്രോൾ റൂമുകൾ നിയന്ത്രിക്കുന്നത്. അതുകൊണ്ട് തന്നെ ടാർഗറ്റ് പൂർത്തിയാക്കാൻ ഏത് രീതിയിലും പിഴ ഈടാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന വിമർശനവും ശക്തമായിട്ടുണ്ട്.
Discussion about this post