തിരുവനന്തപുരം : എഐ ക്യാമറ തട്ടിപ്പിലെ കോഴിക്കോട്ടെ കടലാസ് കമ്പനിയുടെ ഡയറക്ടർ മുഖ്യമന്ത്രിയുടെ അടുത്ത ബന്ധുവാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഇപ്പോൾ ആ കടലാസ് കമ്പനിയുടെ വെബ്‌സൈറ്റ് നിശ്ചലമായിരിക്കുകയാണ്. ഈ അഴിമതി പിണറായി വിജയൻ ലിമിറ്റഡ് കമ്പനിയാണ് നടത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയും പരിവാരങ്ങളുമാണ് എഐ ക്യാമറ അഴിമതിയുടെ ഗുണഭോക്താക്കൾ എന്നും കെ സുരേന്ദ്രൻ പറഞ്ഞു.
സർക്കാർ 235 കോടിക്ക് കെൽട്രോണിന് കരാർ കൊടുക്കുന്നു. കെൽട്രോൺ അത് യുഎൽസിസി- എസ്ആർഐടി കമ്പനിക്ക് 175 കോടിക്ക് മറിച്ച് കൊടുക്കുന്നു. കെൽട്രോണിന്റെ പോക്കറ്റിൽ ഒന്നുമറിയാതെ 60 കോടി വീഴുന്നു. എസ്ആർഐടി ആ കരാർ കോഴിക്കോടുള്ള ഓഫീസ് പോലുമില്ലാത്ത രണ്ട് കടലാസ് കമ്പനിക്ക് 75 കോടിക്ക് മറിച്ച് കൊടുക്കുന്നു. ഊരാളുങ്കൽ എന്നു പറഞ്ഞാൽ പിണറായി വിജയൻ തന്നെയാണ്. സംസ്ഥാനത്തെ മന്ത്രിമാരുടേയും സിപിഎം നേതാക്കളുടേയും അഴിമതികൾ മറച്ചുവെക്കാനുള്ള സംവിധാനമാണ് ഊരാളുങ്കൽ.
മുഖ്യമന്ത്രിയുടെ അടുത്ത ബന്ധുക്കൾ ഉൾപ്പെട്ട അഴിമതിയാണ് എഐ ക്യാമറ അഴിമതിയിൽ നടന്നത്. സംസ്ഥാനത്തെ എല്ലാ അഴിമതികളിലും ക്ലിഫ്ഹൗസിന് ബന്ധമുണ്ട്. സംഘടിതമായി ശാസ്ത്രീയമായ രീതിയിലാണ് കേരളത്തിൽ പിണറായി വിജയൻ അഴിമതി നടത്തുന്നത്. ഇതിന് സംരക്ഷണം ഒരുക്കുന്ന പരിപാടിയാണ് വിജിലൻസ് ചെയ്യുന്നത്. പണ്ട് ഒരു പ്രൊജക്ടിലാണ് തട്ടിപ്പ് നടത്തിയിരുന്നതെങ്കിൽ ഇന്ന് തട്ടിപ്പുകാർ ചേർന്ന് ഒരു കമ്പനിയുണ്ടാക്കുകയും അതിന് വേണ്ടി പ്രൊജക്ട് ഉണ്ടാക്കുകയുമാണ് ചെയ്യുന്നത്. അൽഹിന്ദ് ഗ്രൂപ്പ് പ്രൊജക്ടിൽ നിന്ന് പിൻമാറാൻ കാരണം അഴിമതിയാണെന്ന് അവർ വെളിപ്പെടുത്തിയിരിക്കുകയാണ്. ഇന്ത്യയിൽ ഏറ്റവും സംഘടിതമായ അഴിമതി നടക്കുന്ന സംസ്ഥാനമാണ് കേരളം.
നരേന്ദ്രമോദി കേരളത്തിലെത്തിയതോടെ പിണറായി വിജയനും സിപിഎമ്മിനും വിറളിപിടിച്ചിരിക്കുകയാണ്. മോദി ചോദിച്ച ചോദ്യങ്ങൾക്ക് ഉത്തരമില്ലാതായപ്പോൾ മുഖ്യമന്ത്രി ഇത് കേരളമാണെന്നാണ് പറയുന്നത്. വന്ദേഭാരത് മാത്രമല്ല മുഖ്യമന്ത്രിയെ വേദിയിലിരുത്തിയാണ് 3,600 കോടി രൂപയും പ്രധാനമന്ത്രി കേരള റെയിൽവെ വികസനത്തിന് അനുവദിച്ചത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ തൊഴിലില്ലായ്മ വിസ്‌ഫോടനം നടക്കുന്ന സംസ്ഥാനം കേരളമാണ്. ദേശീയ ശരാശരിയേക്കാൾ ഇരട്ടിയാണ് കേരളത്തിലെ തൊഴിലില്ലായ്മ. ഏഴുലക്ഷം യുവാക്കൾക്ക് ഏഴുവർഷം കൊണ്ട് പി.എസ്.സി വഴി ജോലി നൽകിയെന്നാണ് പിണറായി പറയുന്നത് എന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
Discussion about this post