പെന്‍ഡ്രൈവ് – നന്ദികേശന്
ഓരോ സംഭവങ്ങള്‍ ഉണ്ടാകുമ്പോഴും അതിനൊപ്പം ഒരു വാക്ക് കൂടി ഹിറ്റ് ആകുന്നതാണ് ഇപ്പോഴത്തെ ഒരു ശൈലി…!! ബീഹാര്‍ തെരഞ്ഞെടുപ്പിന് മുന്‍പ് നടന്ന സംഭവവികാസങ്ങളില്‍ നിന്ന് ഉരുത്തിരിഞ്ഞ ‘അസഹിഷ്ണുത’ വന്‍ ബോക്സോഫീസ് വിജയം കൈക്കലാക്കിയതിനു ശേഷം മാണിസാറിന്റെ രാജിയുമായി ബന്ധപ്പെട്ട് കേരളത്തില്‍ റിലീസായ പുതിയ വാക്കാണ് ‘ഇരട്ടനീതി’..!! സംഭവം വല്യ തെറ്റില്ലാതെ കളക്റ്റ് ചെയ്യുന്നുണ്ട് എന്നാണ് പാലായിലെയും തിരുവനന്തപുരത്തെയും പിന്നെ ബിഷപ് ഹൌസുകളിലെയും തീയറ്റര്‍ ഉടമമാര് പറയുന്നത്..!! ബാര്‍ കേസില്‍ ഗ്ലാസ്മേറ്റ്സ് ആയവര്‍ക്ക് വെവ്വേറെ ഗ്ലാസില്‍ നീതി അളന്നു കൊടുത്ത ക്രൂരനായ മുഖ്യമന്ത്രിയുടെ കഥ പറയുന്ന ‘ഇരട്ടനീതി’ പാലായിലെ പ്രേക്ഷകരുടെ കണ്ണ് നനയിച്ചുവെങ്കിലും തൊടുപുഴ ഭാഗത്ത് കാര്യമായ ചലനം ഉണ്ടാക്കിയില്ല എന്നും റിപ്പോര്‍ട്ട് ഉണ്ട്..!!
ഈ മാണിസാറിനോടും ചിലര്‍ ഇരട്ടനീതി കാണിക്കുന്നുണ്ട് എന്ന് നമ്മള് മനസ്സിലാക്കണം..!! പണ്ട് ഇതുപോലെ മനസ്സറിയാത്ത ഒരു കേസില്‍ ഏതോ ഒരു അച്ചുതാനന്ദന് എവിടെയോ കൊടുത്ത (ശൈലീ കടപ്പാട്: സ. ഇ.പി) ഒരു പരാതിയില്‍ പെട്ട് ജയില്‍ശിക്ഷ ഏറ്റുവാങ്ങിയ മറ്റൊരു കേരളാകോണ്ഗ്രസ്സുകാരന് ബാലകൃഷ്ണപ്പിള്ള ഇപ്പോള്‍ ഊണും ഉറക്കവും ഒക്കെ അച്ചുതാനന്ദന്റെ ഒപ്പമാണ് ഊണും ഉറക്കവും…!! ബാലകൃഷ്ണപ്പിള്ളയ്ക്ക് കൊടുത്ത നീതിയുടെ പകുതിയെങ്കിലും മാണിസാറിനു കൊടുത്തൂടെ സഖാവേ..??!! ഇനിയിപ്പോള്‍ മാണിസാറും വിചാരണയും ജയില്‍വാസവും ഇരുമ്പ് രോഗം വഴി പുറത്തിറങ്ങലും ഒക്കെക്കഴിഞ്ഞു വരട്ടെ എന്നാണോ..??!! എങ്കില്‍ കഷ്ടമാണ് ട്ടോ..!! വൈകി കിട്ടുന്ന നീതി നിഷേധിക്കപ്പെടുന്ന നീതിയ്ക്ക് തുല്യമാണ് എന്നല്ലേ പണ്ടാരോ പറഞ്ഞത്..??!!
നീതിവിതരണത്തിന്റെ കാര്യത്തില്‍ ലോകത്തിനു തന്നെ മാതൃകയായ ഒരു കൊച്ച് സംസ്ഥാനമാണ് നമ്മുടേത് എന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ..??!! കൈക്കൂലി കൊടുത്തതിന് അര്‍ഹമായ സേവനം കിട്ടിയില്ല എന്നതിന്റെ അടിസ്ഥാനത്തില്‍ പരാതി കൊടുത്ത് ഒരു മന്ത്രിയെത്തന്നെ കസേരയില്‍ നിന്ന് ഇറക്കിവിടാന്‍ സാധിച്ച പ്രപഞ്ചത്തിലെ ആദ്യത്തെ പൌരന് മലയാളിയാണ് സുഹൃത്തുക്കളേ.., മലയാളിയാണ്…!! ചിട്ടി നിക്ഷേപം എന്നൊക്കെപ്പറഞ്ഞ് പാവപ്പെട്ടവന്റെ വരുമാനം അടിച്ചുമാറ്റി മുങ്ങി ഒടുവില്‍ പോലീസിനു ഇങ്ങോട്ട് വന്നു പിടികൊടുത്ത് സര്‍ക്കാര്‍ ചെലവില്‍ സുഖജീവിതം നയിക്കുന്ന മാന്യന്മാര്ക്കെതിരെ നല്കിയ അനേകം പരാതികള്‍ക്ക് മുകളിലൂടെ അതിസാഹസികമായി ഹൈജമ്പ് നടത്തിയാണ് ഈ നീതി ബിജുരമേശിനു നേടിക്കൊടുക്കാന്‍ കഴിഞ്ഞത് ഒരു ചില്ലറക്കാര്യമാണോ ..??!! ഇതില്‍ ഇരട്ടനീതിയുണ്ടോ എന്ന് ചോദിച്ചു വരുന്നവനെയൊക്കെ കോടതിയലക്ഷ്യം ചുമത്തി അകത്താക്കണം; അല്ലപിന്നെ..!!
എന്തായാലും ഈ ഇരട്ടനീതിയെ താത്വികമായി അവലോകനം ചെയ്യുമ്പോള്‍ മറ്റേ അസഹിഷ്ണുത പോലെതന്നെ ഈ സംഭവവും പണ്ടേ നമുക്കിടയില്‍ത്തന്നെ ഓടിയിരുന്നതാണ് എന്ന് കാണാവുന്നതെയുള്ളൂ..!! പശുവിന്റെ പേരില്‍ കൊലപാതകവും ദളിതന്റെ മെക്കിട്ടുകയറ്റവും എല്ലാം ഉത്തരേന്ത്യയിലെ ഊളന്മാര് പണ്ട് മുതലേ ഭക്തിപൂര്‍വ്വം അനുഷ്ഠിച്ചു പോന്ന ആചാരങ്ങളില്‍ ചിലവയാണ്..!! അന്നൊക്കെ അത്തരം സംഭവങ്ങള്‍ ലോക്കല്‍ ആയി ആണ് റിലീസ് ചെയ്യപ്പെട്ടിരുന്നതെങ്കില്‍ മോദി അധികാരത്തില്‍ വന്നതോടെ വൈഡ് റിലീസ് ആയി..!! ഉത്തരേന്ത്യയില്‍ പണ്ട് നൂറുപേരെ വെട്ടിക്കൊന്നാല്പ്പോലും പതിനാലാം പേജില്‍ എട്ടാം കോളത്തില്‍ അവസാന അഞ്ചു സെന്റിമീറ്ററില്‍ ‘സംഘര്‍ഷത്തില്‍ നൂറോളം പേര് കൊല്ലപ്പെട്ടു’ എന്ന ഒറ്റവരി വാര്‍ത്തയിലൂടെ സംഭവം നാട്ടുകാരെമുഴുവന്‍ അറിയിച്ച മാധ്യമങ്ങള്‍ പക്ഷെ ഇപ്പോള്‍ ‘സവര്ണ്ണന് ഓടിച്ച കാര്‍ ഇടിച്ച് ദളിതന് പരിക്ക്’ എന്ന വാര്‍ത്ത മുന്‍പേജില്‍ത്തന്നെ നിരത്തുന്നുണ്ട്..!! ആഴ്ചകള്‍ക്ക് മുന്‍പ് ദാദ്രിയിലും ഹര്യാനയിലും നടന്ന സംഭവങ്ങളുടെ ക്രെഡിറ്റ് മറ്റാര്‍ക്കും നല്‍കാതെ നേരെ തൊട്ടടുത്ത നിമിഷം തന്നെ കേന്ദ്രസര്‍ക്കാരിന് പാര്‍സല്‍ ചെയ്ത മാധ്യമങ്ങള്‍ പക്ഷെ കഴിഞ്ഞ ദിവസം ബീഹാറിലും ബംഗാളിലും നടന്ന ബലാത്സംഗക്കേസുകളുടെ ക്രെഡിറ്റിന് അര്‍ഹരായവരെ ഇതുവരെ പ്രഖ്യാപിച്ചില്ല..!! ഇത് ഇരട്ടനീതിയല്ലേ സാറമ്മാരേ..??!! ഉടനേ ഫലപ്രഖ്യാപനം നടത്തൂ..!!
ഇനി ഇരട്ടനീതിയുടെ ആഗോളവ്യാപ്തി ഒന്ന് നോക്കാം…!! ഫ്രാന്‍സില്‍ ഐ.എസ് ആങ്ങളമാര് നടത്തിയ കരിമരുന്നു പ്രയോഗത്തില്‍ വെടിക്കെട്ട് നിയമം ലംഘിച്ച് കമ്പക്കെട്ടിന്റെ ഇടയിലേയ്ക്ക് ഓടിക്കയറിയ കുറെയാളുകള്‍ പൊള്ളലേറ്റ് മരിച്ചു എന്ന് ആഗോളസമാധാനപാലകര് മുറവിളി കൂട്ടുന്നുണ്ട്..!! പക്ഷെ ഗാസയില്‍ ഭരണകൂടത്തിന്റെ ധര്‍മയുദ്ധത്തില്‍ പരിചകളായി മരിച്ചു വീഴേണ്ടി വന്ന കുഞ്ഞുങ്ങളും ഒളിസങ്കേതത്തില്‍ ഇരുന്നു നേതാക്കള്‍ തൊടുക്കുന്ന മണ്ടത്തരങ്ങള്‍ ഉള്‍ക്കൊണ്ട് ഇസ്രായേല്കാരന്റെ തോക്കിന്മുനയിലേയ്ക്ക് നടന്നു കയറുന്ന അനുയായികളും ഒക്കെ ഇവര്‍ക്ക് വിശുദ്ധപോരാളികളും ഭീകരവാദത്തിന്റെ ഇരകളും ആണ്..!! ഇരട്ടനീതി ഒട്ടുമില്ല..!!
സാമൂഹ്യമാധ്യമരംഗത്തെ ഇരട്ടനീതിയാണ് മറ്റൊരു രസം..!! ഡിജിറ്റല്‍ ഇന്ത്യയെ പിന്തുണയ്ക്കാന്‍ സുക്കര്‍ബര്‍ഗ് ഇറക്കിയ ത്രിവര്ണ്ണപ്രൊഫൈല് ചിത്രത്തിന്റെ ഉള്ളിന്റെ ഉള്ളിന്റെ ഉള്ളിന്റെ ഉള്ളില്‍ നെറ്റ് സ്വാതന്ത്ര്യം ഹനിക്കുന്ന ചില അസംസ്കൃതവസ്തുക്കള്‍ ഗവേഷിച്ച് കണ്ടുപിടിച്ച മഹാന്മാരുടെയൊക്കെ പ്രൊഫൈല്‍ ചിത്രത്തിന് ഇപ്പോള്‍ ഫ്രാന്‍സ് പതാകയുടെ നിറം..!! അതായത് ത്രിവര്‍ണ്ണപതാകയില്‍ കയറ്റിവിട്ട വൈറസുകള്‍ സുക്കര്‍ അണ്ണന് ഫ്രാന്‍സ് നിറത്തില്‍ കയറ്റി വിട്ടില്ല എന്ന് ചുരുക്കം..!! ഇത് കൊടിയ ഇരട്ടനീതിയായിപ്പോയി സുക്കര്ജീ..!! കാര്‍ഗില്‍ യുദ്ധകാലത്ത് രാജ്യത്തെ സര്‍ക്കാരിനെ വലിച്ചു താഴെയിട്ട് ദേശസ്നേഹവും സാമൂഹ്യചുമതലാബോധവും പ്രകടിപ്പിച്ച ടീംസ് ഒക്കെ ഇപ്പോള്‍ ഫ്രാന്‍സിനു ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുകയും ഈ വിഷയത്തെ രാഷ്ട്രീയരഹിതമായി കൈകാര്യം ചെയ്ത ഫ്രഞ്ച് ഭരണപ്രതിപക്ഷക്കാരെയും ജനതയെയും മുക്തകണ്ഠം പ്രശംസിക്കുകയും ചെയ്യുന്നത് കാണുമ്പോള്‍ നീതിവിതരണത്തില് ഇവര്‍ കാണിക്കുന്ന ഏകത്വം കണ്ടു കണ്ണ് നിറയാന്‍ സാധ്യതയുണ്ട്..!! ഒരു തൂവാല കയ്യില്‍ കരുതിക്കോളൂ..!! ഉപകരിക്കും…!!
Discussion about this post