തിരുവനന്തപുരം: സംസ്ഥാനത്തിന് പുതുതായി ലഭിച്ച വന്ദേഭാരത് എക്‌സ്പ്രസിന് നേരെ കല്ലെറിഞ്ഞത് കേരളത്തിനാകെ നാണക്കേടാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കുറ്റക്കാരെ കണ്ടുപിടിച്ച് കർശന നടപടി എടുക്കാൻ ഉത്തരവാദപ്പെട്ടവർ തയ്യാറാവണമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.
സംഭവം അങ്ങേയറ്റം നിർഭാഗ്യകരമാണെന്നും വന്ദേഭാരത് വന്ന ഉടനെതന്നെ നീചമായ എതിർപ്പുകൾ ചില കോണിൽ നിന്നുണ്ടായതാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു. കല്ലേറ് കൊണ്ട് തകർന്ന ചില്ലുകൾ സഹിതം യാത്ര തുടരുന്ന വന്ദേഭാരതിന്റെ വീഡിയോ സഹിതമാണ് കെ സുരേന്ദ്രൻ ഫേസ്ബുക്കിലൂടെ പ്രതിഷേധം രേഖപ്പെടുത്തിയത്.
കാസർകോട് നിന്നും തിരുവനന്തപുരത്തേക്കുളള സർവ്വീസിനിടെ വൈകിട്ട് തിരൂർ സ്റ്റേഷനും തിരുനാവായ സ്റ്റേഷനും ഇടയിൽ വെച്ചായിരുന്നു സംഭവം. സി 4 കോച്ചിന്റെ ചില്ലാണ് കല്ലേറിൽ വിണ്ടുകീറിയത്. 63,64 നമ്പർ സീറ്റുകളോട് ചേർന്ന ചില്ലുകൾക്കാണ് കേടുപാട് പറ്റിയത്. സംസ്ഥാനം ഏറെ ആവശ്യപ്പെട്ട് ലഭിച്ച വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറുണ്ടായതിൽ ജനങ്ങൾക്കിടയിൽ കടുത്ത പ്രതിഷേധമുയരുന്നുണ്ട്.
സംഭവത്തിന്റെ പശ്ചാത്തലത്തിൽ വന്ദേഭാരതിന്റെ സുരക്ഷ വർദ്ധിപ്പിക്കുമെന്ന് ആർപിഎഫും വ്യക്തമാക്കിയിട്ടുണ്ട്.












