ചെന്നൈ: സ്ത്രീധന പഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത ഗർഭിണിയുടെ മൃതദേഹം ഭർത്താവിന്റെ വീട്ടുമുറ്റത്ത് കുഴിച്ചിട്ട് യുവതിയുടെ ബന്ധുക്കൾ. തമിഴ്‌നാട് പുതുക്കോട്ട സ്വദേശിയായ നാഗേശ്വരി(22)യാണ് വിഷം കഴിച്ച് ജീവനൊടുക്കിയത്. യുവതിയുടെ ആത്മഹത്യയ്ക്ക് പിന്നാലെ ഭർത്താവ് ഉൾപ്പെടെ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പുതുക്കോട്ട സ്വദേശിയായ അരവിന്ദനും നാഗേശ്വരിയും തമ്മിലുള്ള വിവാഹം കഴിഞ്ഞ സെപ്തംബറിലായിരുന്നു. 15 പവൻ സ്വർണം അരവിന്ദന്റെ കുടുംബം സ്ത്രീധനമായി വാങ്ങിയിരുന്നു.
സ്ത്രീധനം കുറഞ്ഞു പോയെന്ന് ആരോപിച്ച് നാഗേശ്വരിയുമായി അരവിന്ദൻ വഴക്കിടുന്നത് പതിവായിരുന്നു. അരവിന്ദന്റെ അമ്മ വിജയയും പിതാവ് തങ്കമണിയും യുവതിയോട് കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് വഴക്കിടുമായിരുന്നു. ഇവർക്കൊപ്പം താമസിക്കുന്ന സെൽവരാജ് എന്ന ബന്ധുവും യുവതിയെ മാനസികമായി പീഡിപ്പിച്ചു. ഇതിനിടെ പലതവണ യുവതി സ്വന്തം വീട്ടിലേക്ക് പോയി. എന്നാൽ ഭർത്താവ് എത്തി മാപ്പ് പറഞ്ഞ് വീണ്ടും വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നതായിരുന്നു പതിവ്. ഭർത്താവിന്റെ വീട്ടിൽ നിൽക്കുമ്പോഴാണ് നാഗേശ്വരി വിഷം കഴിച്ചുവെന്ന് അവരുടെ മാതാപിതാക്കളെ അരവിന്ദൻ അറിയിച്ചത്. പോസ്റ്റ്‌മോർട്ടത്തിനായി പുതുക്കോട്ട മെഡിക്കൽ കോളേജിലേക്ക് മാറ്റിയ മൃതദേഹം ഏറ്റെടുക്കാൻ ഭർത്താവിന്റെ വീട്ടുകാർ തയ്യാറായില്ല.
ഇതോടെ യുവതിയുടെ വീട്ടുകാർ നാഗേശ്വരിയുചേയും ഏഴ് മാസം പ്രായമായ കുഞ്ഞിന്റേയും മൃതദേഹവുമായി പ്രതിഷേധം ആരംഭിച്ചു. ഭർത്താവിന്റെ വീട്ടുമുറ്റത്ത് മൃതദേഹങ്ങൾ കുഴിച്ചിടാൻ ആദ്യം ശ്രമിച്ചെങ്കിലും പൊലീസ് തടഞ്ഞു. പിന്നീട് നൂറോളം വരുന്ന നാട്ടുകാരും ബന്ധുക്കളും ചേർന്ന് ബലമായി അരവിന്ദന്റെ വീട്ടുമുറ്റത്ത് മൃതദേഹങ്ങൾ കുഴിച്ചിടുകയായിരുന്നു. നാഗേശ്വരിയുടെ വീട്ടുകാരുടെ പരാതിയിൽ ഭർത്താവ് അരവിന്ദ്, മാതാവ് വിജയ, പിതാവ് തങ്കമണി, ഇവരുടെ ബന്ധു സെൽവരാജ് എന്നിവരെ അറസ്റ്റ് ചെയ്തു.
Discussion about this post