ബാർമർ: ഇന്ത്യ-പാക് അതിർത്തിയിൽ നുഴഞ്ഞു കയറാൻ ശ്രമിച്ച രണ്ട് പാകിസ്താൻ സ്വദേശികളെ ബിഎസ്എഫ് വധിച്ചു. രാജസ്ഥാനിലെ ബാർമറിലാണ് സംഭവം. ഇവരിൽ നിന്ന് മൂന്ന് കിലോ ലഹരിമരുന്നും പിടികൂടി. ഇന്നലെ രാത്രിയാണ് നുഴഞ്ഞു കയറ്റശ്രമം ഉണ്ടായതെന്ന് രാജസ്ഥാൻ പോലീസ് വ്യക്തമാക്കി.
ഇന്ത്യ-പാക് അന്താരാഷ്ട്ര അതിർത്തിയിലൂടെ രാത്രി മയക്കുമരുന്നുമായി ഇവർ രാജ്യത്തേക്ക് പ്രവേശിക്കാൻ ശ്രമിച്ചു. അപ്പോഴാണ് ഇവരെ വധിച്ചതെന്നാണ് രാജസ്ഥാൻ എഎസ്പി സത്യേന്ദ്ര മാലിക് പറഞ്ഞു. ഇവരുടെ പേര് വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. ഇവർ പാകിസ്താൻ സ്വദേശികളാണെന്ന കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
അതിർത്തി കടക്കാൻ ശ്രമിച്ചപ്പോൾ മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും, അത് അവഗണിച്ച് മുന്നോട്ട് നീങ്ങിയപ്പോഴാണ് വധിച്ചതെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. രാജസ്ഥാനിലും പഞ്ചാബിലുമെല്ലാം അതിർത്തി വഴിയുള്ള മയക്കുമരുന്ന് കടത്ത് വ്യാപകമായതിന് പിന്നാലെ അതിർത്തി രക്ഷാ സേന പരിശോധന കർശനമാക്കിയിരുന്നു.









