മുംബൈ: എൻസിപി ദേശീയ അധ്യക്ഷ സ്ഥാനം ഒഴിയുകയാണെന്ന് ശരദ് പവാർ. തന്റെ ആത്മകഥയുടെ പ്രകാശന ചടങ്ങിലായിരുന്നു 82 കാരനായ പവാർ പാർട്ടിയുടെ ദേശീയ അധ്യക്ഷ സ്ഥാനം ഒഴിയുകയാണെന്ന് പ്രഖ്യാപിച്ചത്. എവിടെ നിർത്തണമെന്ന് തനിക്ക് അറിയാമെന്ന് പറഞ്ഞുകൊണ്ടായിരുന്നു പ്രഖ്യാപനം. അതേസമയം ഇതിന് പിന്നാലെ തന്നെ പാർട്ടി അണികൾ കൂട്ടത്തോടെ വേദിയിലെത്തി അദ്ദേഹത്തോട് തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ തീരുമാനം മാറ്റേണ്ടെന്ന നിലപാടിലാണ് പവാർ എന്നാണ് റിപ്പോർട്ടുകൾ.
പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കാൻ കമ്മിറ്റിയും രൂപീകരിച്ചു. പ്രഫുൽ പട്ടേൽ, സുനിൽ തത്ക്കരെ, പിസി ചാക്കോ, കെകെ ശർമ്മ, അജിത് പവാർ, ജയന്ത് പാട്ടീൽ, സുപ്രിയ സുലെ, ഛഗൻ ഭുജ്പാൽ, ദിലീപ് വൽസെ പാട്ടീൽ, അനിൽ ദേശ്മുഖ് തുടങ്ങി പാർട്ടിയുടെ മുൻനിര നേതാക്കൾ എല്ലാം കമ്മിറ്റിയിൽ ഉണ്ട്. പുതിയ പ്രസിഡന്റിനെച്ചൊല്ലി അഭിപ്രായ ഭിന്നതയുണ്ടായാൽ പൊതുവേദിയിലെത്താതെ പാർട്ടി കമ്മിറ്റിയിൽ തന്നെ പരിഹരിക്കാൻ ലക്ഷ്യമിട്ടാണ് വിപുലമായ കമ്മിറ്റി രൂപീകരിച്ചതെന്ന് വേണം കരുതാൻ.
എൻസിപിയിൽ പിളർപ്പുണ്ടാക്കി എംഎൽഎമാരുമായി അജിത് പവാർ ബിജെപിയിലേക്ക് നീങ്ങാൻ സാദ്ധ്യതയുണ്ടെന്ന റിപ്പോർട്ടുകൾ അടുത്തിടെ സജീവമായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് ശരദ് പവാറിന്റെ തീരുമാനമെന്ന് കരുതുന്നു. എൻസിപിയിൽ തന്നെ തുടരുമെന്നാണ് അജിത് പവാർ ഇതിനോട് പ്രതികരിച്ചതെങ്കിലും സംഘടനയിൽ രാഷ്ട്രീയ അടിയൊഴുക്കുകൾ സജീവമാണെന്നാണ് മാദ്ധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നത്.
Discussion about this post