ആലപ്പുഴ: കക്കുകളി നാടക വിവാദത്തിൽ പ്രതികരണവുമായി സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. വിഷയവുമായി ബന്ധപ്പെട്ട് ക്രൈസ്തവ മതമേലദ്ധ്യക്ഷന്മാരുടെ പരാതി കിട്ടിയെന്ന് മന്ത്രി വ്യക്തമാക്കി.
മതവികാരത്തെ വ്രണപ്പെടുത്തുന്ന ഒരു സൃഷ്ടിയും ശരിയല്ല. കക്കുകളി ആണെങ്കിലും കൊക്കുകളി ആണെങ്കിലും ശരിയല്ല. ഇല്ലാത്ത കാര്യങ്ങൾ പ്രചരിപ്പിക്കുന്നവ ജനങ്ങൾ ബഹിഷ്‌കരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
സർക്കാരുമായി ബന്ധം ഇല്ലാത്തതിനാൽ നാടകം വിലക്കാൻ കഴിയില്ലെന്നും നാടകം പരിശോധിച്ച് തിരുത്താൻ നിർദേശം നൽകിയെന്നും മന്ത്രി വ്യക്തമാക്കി. നാടകം ബഹിഷ്‌കരിക്കേണ്ടത് ജനങ്ങളാണ്, സർക്കാർ വിലക്കല്ല, ഇത് മാന്യതയുടെ പ്രശ്‌നമാണ്, ആശയങ്ങൾ ആരെയും വേദനിപ്പിക്കാനല്ല, മനുഷ്യ നന്മക്ക് വേണ്ടിയാണെന്നും മന്ത്രി പ്രതികരിച്ചു. അതേസമയം വിവാദ സിനിമ ദി കേരളാ സ്റ്റോറിക്കെതിരെ നിയമ നടപടി എടുക്കാൻ സർക്കാർ ആലോചിക്കുന്നുണ്ടെന്ന് മന്ത്രി സജി ചെറിയാൻ വ്യക്തമാക്കി.












