വിശാഖപട്ടണം: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി കോടിക്കണക്കിന് രൂപയുടെ സൈബർ തട്ടിപ്പ് നടത്തിയ സംഘം വിശാഖപട്ടണത്ത് അറസ്റ്റിൽ. ശ്രീനിവാസ് റാവു ദാദി എന്ന 49കാരന്റെ നേതൃത്വത്തിലാണ് ഏറെ നാളുകളായി വൻ തട്ടിപ്പ് നടന്നു വന്നിരുന്നത്. ഒളിവിൽ താമസിച്ചിരുന്ന പഞ്ചനക്ഷത്ര ഹോട്ടലിൽ നിന്നും ബംഗൂർ നഗർ പോലീസാണ് ഇയാളെ പിടികൂടിയത്. വെറും പന്ത്രണ്ടാം ക്ലാസ് വരെ വിദ്യാഭ്യാസമുള്ള ഇയാൾ പ്രതിദിനം 3 കോടി മുതൽ 5 കോടി രൂപ വരെ സമ്പാദിച്ചിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
ശ്രീനിവാസിന് പുറമെ കേസുമായി ബന്ധമുള്ള നാല് പേരെ കൂടി ബംഗൂർ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആളുകളെ പറ്റിച്ച് പണം ഉണ്ടാക്കിയതിന് ശേഷം അത് ക്രിപ്‌റ്റോകറൻസിയായി ചൈനക്കാരിലേക്ക് ഇയാൾ കൈമാറിയിരുന്നതായും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. മുംബൈ, പൂനെ, പിംപ്രി-ചിഞ്ച്വാഡ്, ഹൈദരാബാദ്, ബംഗളുരു, ഡൽഹി, കൊൽക്കത്ത തുടങ്ങീ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവരാണ് ഇയാളുടെ സൈബർ തട്ടിപ്പിന് ഇരയായത്.
സ്ത്രീകളെയാണ് ഇയാൾ അധികവും ലക്ഷ്യമിട്ടിരുന്നതെന്ന് അന്വേഷണ സംഘത്തലവനായ ഡിസിപി അജയ് ബൻസാൽ പറഞ്ഞു. സ്‌കൈപ്പിലൂടെയോ വാട്‌സ്ആപ്പ് വഴിയോ പോലീസുകാർ എന്ന വ്യാജേനയാണ് തട്ടിപ്പിനിരയായ ആളുകളെ ഇവർ ആദ്യം ബന്ധപ്പെടുന്നത്. ഇവരുടെ പേരിൽ എത്തിയ കൊറിയറിൽ മയക്കുമരുന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് പറഞ്ഞ് ഭയപ്പെടുത്തുകയാണ് ആദ്യം ചെയ്യുന്നത്. ഇരകളാകുന്ന ആളുകളെ തങ്ങൾ പറയുന്ന കാര്യങ്ങൾ വിശ്വസിപ്പിക്കുന്നതിന് വേണ്ടി വ്യാജ പോലീസ് ഐഡികളും ഇവർ ഉപയോഗിച്ചിരുന്നു.
പോലീസാണ് വിളിക്കുന്നതെന്ന് പറഞ്ഞ് പരിഭ്രാന്തകരാകുന്ന ഇവരുടെ ഫോണിലേക്ക് എനിഡെസ്‌ക് പോലെയുള്ള ആപ്പുകൾ ഡൗൺലോഡ് ചെയ്യാൻ തട്ടിപ്പുകാർ നിർബന്ധിക്കും. ഫോൺ സ്‌ക്രീനിലേക്ക് തട്ടിപ്പുകാരന് റിമോട്ട് ആക്സസ് നൽകുന്ന ആപ്പ് ആണിത്. ആളുകളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഉൾപ്പടെയെുള്ള കാര്യങ്ങളും തട്ടിപ്പ് സംഘം ചോർത്തിയെടുക്കും. കൂടുതൽ വിശ്വാസം വരുത്തുന്നതിനായി പോലീസ് യൂണിഫോം ധരിച്ചും തട്ടിപ്പുസംഘം ഇരകളുമായി സംസാരിച്ചിരുന്നു.
മയക്കുമരുന്ന് കേസ് ഉൾപ്പെടെ പറഞ്ഞ് ഭീഷണിപ്പെടുത്തുന്നതിനാൽ ഇരകളിൽ പലരും പരാതി നൽകാൻ തയ്യാറാകില്ല. ഇതാണ് ശ്രീനിവാസ് ഉൾപ്പെടെയുള്ളവരുടെ സംഘത്തിന് സഹായമായതും. മാർച്ച് ആദ്യമാണ് ഇവരെക്കുറിച്ച് പരാതി ബംഗൂർ നഗർ പോലീസിന് ലഭിക്കുന്നതെന്ന് അസിസ്റ്റന്റ് ഇൻസ്‌പെക്ടർ വിവേക് താംബെ പറഞ്ഞു. ഒന്നര മാസത്തോളം നീണ്ട അന്വേഷണത്തിനൊടുവിലാണ് ശ്രീനിവാസ് ഉൾപ്പെടെയുള്ളവർക്ക് പിടി വീഴുന്നത്.
ഇരകളിൽ നിന്ന് തട്ടിച്ച് ഉണ്ടാക്കുന്ന പണം ഇടനിലക്കാരുടെ ബാങ്ക് അക്കൗണ്ടുകളിലേക്കാണ് പോകുന്നത്. ഇടനിലക്കാരായ മഹേന്ദ്ര റോക്ഡെ, മുകേഷ് ഡൈവ് എന്നിവരെ ടിറ്റ്വാലയിൽ നിന്നും സഞ്ജയ് മണ്ഡൽ, അനിമേഷ് വൈദ് എന്നിവരെ കൊൽക്കത്തയിൽ നിന്നുമാണ് പിടികൂടിയത്. തട്ടിപ്പ് പണം എടുക്കുന്നതിനായി രാജ്യത്തുടനീളം ഇവർ ബാങ്ക് അക്കൗണ്ടുകൾ തുടങ്ങിയതായും അന്വേഷണസംഘം കണ്ടെത്തി. നിലവിൽ 40 അക്കൗണ്ടുകളിൽ നിന്നായി ഒന്നരക്കോടി രൂപ പോലീസ് മരവിപ്പിച്ചിട്ടുണ്ട്. ഇയാളുടെ ഭാര്യയുടെ അക്കൗണ്ടിലേക്കും പണം കൈമാറിയിട്ടുണ്ടെന്ന് പോലീസ് പറയുന്നു. കുറ്റകൃത്യത്തിൽ കുടുംബാംഗങ്ങൾക്ക് പങ്കുണ്ടോ എന്ന കാര്യം വിശദമായി അന്വേഷിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
Discussion about this post