ബംഗളൂരു: ബജ്രംഗദളിനെ നിരോധിക്കാൻ കോൺഗ്രസിന് ഉദ്ദേശമില്ലെന്ന് കർണാടക മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ വീരപ്പ മൊയ്ലി. അധികാരത്തിലെത്തിയാൽ ബജ്രംഗദളിനെ നിരോധിക്കുമെന്ന കോൺഗ്രസ് പ്രകടന പത്രികയിലെ വാഗ്ദാനത്തിന് പിന്നാലെയാണ് മൊയ്‌ലിയുടെ പ്രസ്താവന. ബജ്രംഗദളിനെ നിരോധിക്കണമെന്ന ലക്ഷ്യം തങ്ങൾക്കില്ലെന്ന് കോൺഗ്രസ് നേതാവ് എന്ന നിലയിൽ തനിക്ക് പറയാൻ കഴിയുമെന്നാണ് വീരപ്പ മൊയ്ലി പറഞ്ഞത്.
ബജ്രംഗദളിനെ നിരോധിക്കുമെന്ന വാഗ്ദാനത്തിന് പിന്നാലെ കോൺഗ്രസിനെതിരെ വ്യാപക വിമർശനമാണ് ഉയർന്നത്. ഈ സാഹചര്യത്തിലാണ് മൊയ്‌ലിയുടെ പ്രസ്താവന. ബജ്രംഗദളിനെ നിരോധിക്കുമെന്ന കോൺഗ്രസ് വാഗ്ദാനത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ശക്തമായി അപലപിച്ചിരുന്നു. ഭഗവാൻ ശ്രീരാമന്റെ ഭക്തരെ ലക്ഷ്യമിട്ടത് പോലെ ഹനുമാന്റെ ഭക്തരെയാണ് കോൺഗ്രസ് ഇപ്പോൾ ലക്ഷ്യമിടുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.
പോപ്പുലർ ഫ്രണ്ടുമായി ബജ്രംഗദളിനെ താരതമ്യപ്പെടുത്തിയതിൽ കോൺഗ്രസിനെ ബിജെപിയും രൂക്ഷമായി വിമർശിച്ചിരുന്നു. കോൺഗ്രസിന്റെ വാഗ്ദാനത്തിൽ പ്രതിഷേധിച്ച് കർണാടകയിലുടനീളം ഹനുമാൻ ചാലിസ പാരായണം ചെയ്യുന്ന പരിപാടികൾ സംഘടിപ്പിക്കുമെന്ന് ബജ്‌റംഗ്ദൾ പ്രഖ്യാപിച്ചിട്ടുണ്ട്. പാർട്ടി ഇതിന് ജനാധിപത്യ മാർഗത്തിൽ മറുപടി നൽകുമെന്നാണ് വിഎച്ച്പി ജോയിന്റ് ജനറൽ സെക്രട്ടറി സുരേന്ദ്ര ജെയിൻ പറഞ്ഞത്. ബജ്രംഗദളിനെ ദേശവിരുദ്ധ തീവ്രവാദ സംഘനയായ പോപ്പുലർ ഫ്രണ്ടുമായി താരതമ്യം ചെയ്ത നടപടി അങ്ങേയറ്റം ദൗർഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post