ലക്‌നൗ: കുപ്രസിദ്ധ ഗുണ്ടാ നേതാവ് അനിൽ ദുജാന കൊല്ലപ്പെട്ടു. മീററ്റിൽ ഉത്തർപ്രദേശ് പോലീസിന്റെ സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സുമായി നടന്ന ഏറ്റുമുട്ടലിലാണ് അനിൽ ദുജാന കൊല്ലപ്പെട്ടത്.യുപി എസ്ടിഎഫും അനിൽ ദുജാന സംഘവും തമ്മിൽ മീററ്റിൽ നേരിട്ട് ഏറ്റുമുട്ടലുണ്ടായതായാണ് പ്രാഥമിക വിവരം.
കൊലപാതകം, കൊള്ള,ആയുധനിർമ്മാണം തുടങ്ങി, 62 ലധികം കേസുകളിൽ പ്രതിയായ അനിൽ ദുജാന, ദുജാന ഗുണ്ടാ സംഘത്തിന്റെ തലവനായിരുന്നു.
2012 ൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തതിന് പിന്നാലെ ഇയാളെ ജയിൽ അടച്ചെങ്കിലും 2021 ൽ ജാമ്യം ലഭിച്ചപ്പോൾ ഇയാൾ മുങ്ങുകയായിരുന്നു. തുടർന്ന് കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു. ഇയാളുടെ തലയ്ക്ക് ബുലന്ദ്ഷഹർ പോലീസ് 25,000 രൂപയും,നോയിഡ പോലീസ് 50,000 രൂപയും പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
ജയിൽ മോചിതനായ ഉടൻ ഗൗതം ബുദ്ധ നഗറിൽ തനിക്കെതിരെ മൊഴി നൽകിയവരെ ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പുറപ്പെടുവിച്ച മുൻനിര മാഫിയാ സംഘങ്ങളുടെ പട്ടികയിൽ അനിൽ ദുജാനയുടെ സംഘവുമുണ്ടായിരുന്നു.
Discussion about this post