ശ്രീനഗർ: ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ. ഭീകരരെ സുരക്ഷാ സേന വളഞ്ഞു. രജൗരിയിലെ കാന്തി മേഖലയിൽ രാവിലെയോടെയായിരുന്നു ഏറ്റുമുട്ടൽ ഉണ്ടായത്.
പൂഞ്ച് ഭീകരാക്രമണ കേസിലെ പ്രതികൾക്കായി നിലവിൽ ഊർജ്ജിത അന്വേഷണം തുടരുകയാണ് സുരക്ഷാ സേന. ഇതിനിടെയാണ് കാന്തി മേഖലയിൽ ഭീകരരുടെ സാന്നിദ്ധ്യമുള്ളതായി സുരക്ഷാ സേനയ്ക്ക് വിവരം ലഭിച്ചത്. ഇതോടെ ഇവരെ പിടികൂടാൻ സുരക്ഷാ സേന ഇവിടെയെത്തുകയായിരുന്നു.
സേനാംഗങ്ങളുടെ വരവ് കണ്ട് ഭീകരർ പ്രദേശത്ത് ഒളിച്ചിരുന്നു. സേനാംഗങ്ങൾ അടുത്തെത്തിയതോടെ ഭീകരർ ഇവർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. സുരക്ഷാ സേനയും ശക്തമായി തിരിച്ചടിച്ചു. ഇതോടെ ഏറ്റുമുട്ടൽ ആരംഭിക്കുകയായിരുന്നു.
പ്രദേശത്ത് ഇപ്പോഴും ഏറ്റുമുട്ടൽ തുടരുകയാണെന്നാണ് ജമ്മു കശ്മീർ പോലീസ് പറയുന്നത്. പ്രദേശത്ത് കൂടുതൽ സേനാംഗങ്ങൾ എത്തിയിട്ടുണ്ട്. പൂഞ്ചിൽ ആക്രമണം നടത്തിയവരാണ് ഇവിടെയുള്ളത് എന്നാണ് സംശയിക്കുന്നത്. പ്രദേശം പൂർണമായും സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്.
Discussion about this post