കുറഞ്ഞ രക്തസമ്മര്‍ദ്ദം അഥവാ ലോ ബിപി വളരെ അപകടകാരിയാണ്. ലോ ബിപി മൂലം ഹൃദയാഘാതം, സ്‌ട്രോക്ക് ഉള്‍പ്പടെ നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാം. സാധാരണത്തേതിലും കുറഞ്ഞ സമ്മര്‍ദ്ദത്തില്‍ രക്തക്കുഴലുകളിലൂടെ രകതം ഒഴുകുമ്പോഴാണ് ലോ ബിപി എന്ന് പറയുന്നത്. സിസ്റ്റോളിക് പ്രഷര്‍ 90 mm Hgയേക്കാളും ഡയസ്റ്റോളിക് പ്രഷര്‍ 60 mm Hgയേക്കാളും കുറഞ്ഞാല്‍ ഒരു വ്യക്തിക്ക് ലോ ബിപി ആണെന്ന് പറയാം.
ബിപി വളരെ താഴ്ന്നാല്‍, നിങ്ങളുടെ ശരീരത്തിലെ അവയവങ്ങള്‍ക്ക് മതിയായ അളവില്‍ ഓക്‌സിജനും മറ്റ് പോഷണങ്ങളും കിട്ടാതെ വരും. അതിനാല്‍ തന്നെ അടിയന്തരശ്രദ്ധ വേണ്ടുന്ന ആരോഗ്യപ്രശ്‌നമാണ് ലോ ബിപി. ചിലര്‍ക്ക് ലോ ബിപി പ്രശ്‌നം സ്ഥിരമായി ഉണ്ടാകാറുണ്ട്. എന്നാല്‍ മറ്റുചിലര്‍ക്ക് ലോ ബിപി മറ്റെന്തെങ്കിലും ആരോഗ്യപ്രശ്‌നത്തിന്റെ സൂചനയായിരിക്കും. ആശയക്കുഴപ്പം, ക്ഷീണം, കാഴ്ച മങ്ങല്‍, തലവേദന, കഴുത്തുവേദന, ഓക്കാനം, വേഗത്തിലുള്ള ഹൃദയമിടിപ്പ് എന്നിവയെല്ലാം ലോ ബിപിയുടെ ലക്ഷണങ്ങളാണ്. എന്നാല്‍ ചിലരില്‍ ലോ ബിപിക്ക് ഒരു ലക്ഷണവും ഉണ്ടാകാറുമില്ല.
ലോ ബിപിക്ക് സ്ഥിരമായി അലോപ്പതി മരുന്നുകള്‍ കഴിക്കുന്നവരുണ്ട്. എന്നാല്‍ ലോ ബിപി കൈകാര്യം ചെയ്യാന്‍ ആയുര്‍വേദത്തില്‍ നിരവധി പോംവഴികളുണ്ട്. അതിനൊപ്പം ആരോഗ്യകരമായ ഭക്ഷണശീലങ്ങള്‍ കൂടി ഉണ്ടെങ്കില്‍ ലോ ബിപിയെ നിയന്ത്രിച്ച് നിര്‍ത്താനാകും.
ആഹാരത്തില്‍ ആവശ്യത്തിന് പോഷകങ്ങള്‍ ഇല്ലാതെ വന്നാലും ഒരാള്‍ക്ക് ലോ ബിപി ഉണ്ടാകാം. അതിനാല്‍ ആഹാരത്തില്‍ മതിയായ അളവില്‍ വൈറ്റമിനുകളും ധാതുക്കളും ഉണ്ടെന്ന് ഉറപ്പുവരുത്തിയാല്‍ ലോ ബിപിയെ ഒരു പരിധി വരെ പടിക്ക് പുറത്ത് നിര്‍ത്താമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ലോ ബിപി കാരണം ശരീരത്തില്‍ ശരിയായ രീതിയിലുള്ള പോഷണങ്ങളുടെ വിതരണം തടസ്സപ്പെടുന്നു. അതുകൊണ്ട് വൈറ്റമിന്‍ ബി12, ഫോളേറ്റ്, അയേണ്‍ എന്നിലയുടെ അപര്യാപ്തത ഉണ്ടാകാം. ആര്‍ബിസി അഥവാ ചുവന്ന രക്താണുക്കളുടെ ഉല്‍പ്പാദനത്തിന് ഇവ ആവശ്യമാണ്. ആര്‍ബിസിയുടെ അപര്യാപ്തത രക്തത്തിന്റെ ഒഴുക്ക് കുറയാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയാനും ക്ഷീണം, കുഴച്ചില്‍, ഏകാഗ്രതക്കുറവ് പോലുള്ള മറ്റ് പ്രശ്‌നങ്ങള്‍ക്കും കാരണമാകും.
ലോ ബിപി ലക്ഷണങ്ങള്‍
- കാഴ്ച മങ്ങല്‍
- മന്ദത, തലവേദന
- തലചുറ്റല്‍
- ക്ഷീണം
- ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പറ്റാതെ വരിക
- ഓക്കാനം
ലോ ബിപി ആയുര്‍വേദ പ്രതിവിധികള്‍
- രാത്രി മുഴുവന്‍ വെള്ളത്തില്‍ കുതിര്‍ത്തുവെച്ച ഉണക്കമുന്തിരി രാവിലെ വെറുംവയറ്റില്‍ കഴിക്കുന്നത് ലോ ബിപിക്കെതിരെ ഫലപ്രദമാണ്.54 ഉണക്കമുന്തിരി രാത്രിയില്‍ വെള്ളത്തില്‍ കുതിര്‍ത്തുവെച്ച് രാവിലെ വെള്ളത്തോടെ അത് കഴിക്കുക. ശരീരത്തിലെ അയേണിന്റെ അളവ് മെച്ചപ്പെടുത്താനും ഇത് വളരെ നല്ലതാണ്.
- മതിയായ അളവില്‍ വെള്ളം കുടിച്ച് ശരീരത്തിലെ ജലാംശം നിലനിര്‍ത്തുക.
- നിരവധി പഴങ്ങളും പച്ചക്കറികളും ആഹാരത്തില്‍ ഉള്‍പ്പെടുത്തുക. ശരീരത്തിന് ആവശ്യമുള്ള വൈറ്റമിനുകളും ധാതുക്കളും ലഭിക്കാന്‍ ഇവ സഹായിക്കും.
- ലോ ബിപി ഉള്ളവര്‍ ആഹാരത്തില്‍ ക്യാരറ്റും ചീരയും സ്ഥിരമായി ഉള്‍പ്പെടുത്തുന്നത് ഉത്തമമാണ്.
- നെല്ലിക്ക ജ്യൂസ് ലോ ബിപി നിയന്ത്രിച്ച് നിര്‍ത്താന്‍ വളരെ നല്ലതാണ്. ദിവസവും ഒരു നെല്ലിക്ക വീതം കഴിച്ചാലും മതിയാകും. വൈറ്റമിന്‍ സിയുടെയും ആന്റി ഓക്‌സിഡന്റുകളുടെയും കലവറയാണ് നെല്ലിക്ക. നിങ്ങള്‍ കഴിക്കുന്ന മറ്റ് ആഹാരങ്ങളിലെ പോഷകങ്ങള്‍ ആഗിരണം ചെയ്യാനും നെല്ലിക്ക ശരീരത്തെ സഹായിക്കും.
- തുളസിയില ലോ ബിപിക്കെതിരെ ഫലപ്രദമാണ്. എല്ലാ ദിവസവും രാവിലെ 5-6 തുളസിയിലകള്‍ ചവച്ച് തിന്നാല്‍ ലോ ബിപി പ്രശ്‌നം മാറി ബിപി സാധാരണ നിലയിലേക്ക് എത്തും.
Discussion about this post