മുംബൈ: രാജി തീരുമാനം പിൻവലിച്ചു കൊണ്ടുള്ള വാർത്താസമ്മേളനത്തിൽ അജിത് പവാർ പങ്കെടുക്കാത്തതിൽ പ്രതികരണവുമായി എൻസിപി അദ്ധ്യക്ഷൻ ശരദ് പവാർ. വാർത്താ സമ്മേളനത്തിൽ പാർട്ടിയിലെ എല്ലാ നേതാക്കളും പങ്കെടുക്കേണ്ട ആവശ്യമില്ലെന്നാണ് ശരദ് പവാർ പറഞ്ഞത്. അജിത് പവാറും ശരദ് പവാറും തമ്മിൽ പ്രശ്‌നങ്ങളുണ്ടെന്നും അജിത് പാർട്ടി വിടാൻ തയ്യാറെടുക്കുകയാണെന്നുമുള്ള അഭ്യൂഹങ്ങളേയും ശരദ് പവാർ തള്ളിക്കളഞ്ഞു.
രാജി തീരുമാനം പിൻവലിച്ചു കൊണ്ടുള്ള വാർത്താസമ്മേളനത്തിൽ എൻസിപിയിലെ മുതിർന്ന നേതാക്കളെല്ലാവരും തന്നെ പങ്കെടുത്തിരുന്നു. പിന്നാലെയാണ് അജിത് പവാറിന്റെ അസാന്നിദ്ധ്യം ചർച്ചയായത്. എൻസിപിയിൽ നിന്നുള്ള നേതാക്കൾ മറ്റ് പാർട്ടികളിലേക്ക് മാറാൻ ആഗ്രഹിക്കുന്നുവെന്ന തരത്തിലുള്ള വാർത്തകളിൽ സത്യമില്ലെന്നും ശരദ് പവാർ പറയുന്നു.
” ആരെങ്കിലും പോകാൻ നിൽക്കുകയാണെങ്കിൽ അവരെ ഒരിക്കലും തടയാനാകില്ല. പക്ഷേ ഞങ്ങളുടെ പാർട്ടിയിലെ ആളുകൾ പുറത്തു പോകുന്നു എന്ന വാർത്തകളിൽ ഒരു സത്യവുമില്ല. തന്നോടോ പാർട്ടിയുമായോ അജിത് പവാറിന് ഒരു രീതിയിലുമുള്ള പ്രശ്‌നങ്ങൾ ഇല്ല. പാർട്ടിയുടെ വിവിധ സ്ഥാനങ്ങളിലേക്ക് മറ്റ് നേതാക്കൾക്ക് അവസരവും ഉത്തരവാദിത്വവും നൽകണമെന്ന ഉദ്ദേശത്തിലാണ് അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് മാറി നിൽക്കാൻ തീരുമാനിച്ചതെന്നും” ശരദ് പവാർ പറയുന്നു.
അതേസമയം എൻസിപി അധ്യക്ഷനായി തുടരാനുള്ള ശരദ് പവാറിന്റെ തീരുമാനം പാർട്ടി പ്രവർത്തകർക്ക് ഊർജം പകരുമെന്നും മഹാ വികാസ് അഘാഡിയെ ശക്തിപ്പെടുത്തുമെന്നും അജിത് പവാർ പറഞ്ഞു. പാർട്ടി വിടാനൊരുങ്ങുകയാണെന്ന അഭ്യൂഹങ്ങളോട് അദ്ദേഹം പ്രതികരിച്ചില്ല.
Discussion about this post