ന്യൂഡൽഹി: പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെയും ഇന്ന് കശ്മീർ സന്ദർശിക്കും. താഴ്വരയിലെ സുരക്ഷാ സ്ഥിതിഗതികൾ അവലോകനം ചെയ്യുന്നതിന്റെ ഭാഗമായിട്ടാണ് രജൗരി ജില്ലയിൽ സന്ദർശനം നടത്തുന്നത്. രജൗരിയിൽ ഭീകരാക്രമണത്തിൽ അഞ്ച് സൈനികർ വീരമൃത്യു വരിച്ച സ്ഥലവും അദ്ദേഹം സന്ദർശിക്കുമെന്നാണ് വിവരം. രജൗരിയിലെ കാണ്ടി മേഖലയിലാണ് ഇന്നലെ ഏറ്റുമുട്ടൽ നടന്നത്.
അതേസമയം ബാരാമുള്ളയിലും രജൗരിയിലും ഭീകരരും സൈന്യവുമായുളള ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്. ഇന്ന് രാവിലെ ബാരാമുള്ളയിൽ ഉണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെടുകയും മറ്റൊരു ഭീകരന് പരിക്കേൽക്കുകയും ചെയ്തു. നിരോധിത ഭീകര സംഘടനയായ ലഷ്‌കർ ഇ ത്വയ്ബയുമായി ബന്ധമുള്ള ഭീകരസംഘടനയിലെ അംഗമായ കുൽഗാം സ്വദേശി ആബിദ് വാനിയാണ് കൊല്ലപ്പെട്ട ഭീകരൻ. സംഭവസ്ഥലത്ത് നിന്ന് സ്‌ഫോടക വസ്തുക്കളും എകെ 47 തോക്കും കണ്ടെടുത്തതായി കശ്മീർ സോൺ പോലീസ് അറിയിച്ചു.
പ്രദേശത്ത് ഭീകരർ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് തിരച്ചിൽ ആരംഭിച്ചത്. പിന്നാലെ ഭീകരർ സൈന്യത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു. ജി20 ഉച്ചകോടി കണക്കിലെടുത്ത് സൈന്യം അതീവ ജാഗ്രതയിലാണെന്നും, ഉച്ചകോടി വിജയകരമായി സംഘടിപ്പിക്കാനുള്ള എല്ലാ സഹകരണവും സൈന്യത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്നും ബാരാമുള്ള എസ്എസ്പി അമോദ് അശോക് നാഗ്പുരെ പറഞ്ഞു.
Discussion about this post