ലണ്ടൻ : ഏഴ് പതിറ്റാണ്ടിന് ശേഷമുള്ള ചരിത്ര നിമിഷത്തിനാണ് ഇന്ന് ലണ്ടൻ നഗരം സാക്ഷ്യംവഹിച്ചത്. ചാൾസ് മൂന്നാമൻ രാജാവിന്റെ കിരീടധാരണം പൂർത്തിയായി. എഴുപത് വർഷങ്ങൾക്ക് ശേഷമാണ് ബ്രിട്ടനിൽ കിരീടധാരണ ചടങ്ങുകൾ നടക്കുന്നത്. ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 3.30 നാണ് വെസ്റ്റ്മിനിസ്റ്റർ ആബെയിൽ ചടങ്ങുകൾ ആരംഭിച്ചത്.
1,000 വർഷത്തെ ചരിത്രവും പാരമ്പര്യവും ഉൾക്കൊള്ളുന്ന, എന്നാൽ 21-ാം നൂറ്റാണ്ടിലെ ബ്രിട്ടനെ പ്രതിഫലിപ്പിക്കുന്നതിന് അനുയോജ്യമായ ഒരു ചടങ്ങാണ് നടന്നത്. ബെക്കിംങ്ഹാം കൊട്ടാരത്തിൽ നിന്ന് കിംങ്സ് പ്രൊസഷൻ എന്ന് വിളിക്കുന്ന ഘോഷയാത്രയിലാണ് ചാൾസും ഭാര്യ കാമിലയും വെസ്റ്റ് മിൻസ്റ്റർ ആബെയിലേക്ക് എത്തിയത്. സൈനിക വേഷത്തിലാണ് ചാൾസ് ആബെയിലേക്ക് എത്തിയത്. ചടങ്ങുകൾക്ക് കാന്‍റ്ബറി ആർച്ച് ബിഷപ്പാണ് മുഖ്യകാർമ്മികത്വം വഹിച്ചത്. രാജാവിന്റെ അധികാരത്തിന്റെ പവിത്രത കാത്തുസൂക്ഷിക്കുന്ന സെന്റ് എഡ്വേർഡ് കിരീടം ചാൾസിന് ചാർത്തിക്കൊടുത്തു.
1953 ന് ശേഷം ഒരു ബ്രിട്ടീഷ് രാജാവിന്റെ ആദ്യത്തെ കിരീടധാരണം അടയാളപ്പെടുത്തുന്നതിനായി കരയിലും കടലിലും ആചാരപരമായ ഗൺ സല്യൂട്ട് നടത്തിക്കൊണ്ട് ലണ്ടനിൽ കാഹളം മുഴക്കി. 1838 ന് ശേഷമുള്ള അഞ്ചാമത്തെ കിരീടധാരണമാണിത്. ദേശത്തുടനീളമുള്ള പള്ളികളിൽ മണികൾ മുഴങ്ങി. തലസ്ഥാനത്തെ തെരുവുകളിലൂടെ സൈനിക പരേഡുകളും കുതിരസവാരിയും നടത്തി.
ചടങ്ങില്‍ പങ്കെടുക്കാൻ വിവിധ രാഷ്ട്രത്തലവൻമാര്‍ എത്തിച്ചേർന്നു. ഇന്ത്യയെ പ്രതിനിധീകരിച്ച് ഉപരാഷട്രപതി ജഗദീപ് ധൻകറാണ് ചടങ്ങില്‍ പങ്കെടുത്തത്. ചടങ്ങുകള്‍ നടക്കുന്ന വെസ്റ്റ് മിനിസ്റ്റര്‍ ആബിയില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്.
Discussion about this post