ലക്‌നൗ: പെൺകുട്ടികളെ പ്രണയം നടിച്ച് വിവാഹം ചെയ്ത് ഐഎസ് റിക്രൂട്ട്‌മെന്റിന് ഇരകളാക്കുന്ന പ്രമേയം ചർച്ച ചെയ്യുന്ന ദ കേരള സ്റ്റോറി സിനിമ കാണാൻ കോളജ് വിദ്യാർത്ഥിനികൾക്ക് സൗജന്യ പ്രദർശനം ഒരുക്കി യുപിയിലെ ബിജെപി നേതാവ്. ബിജെപി സെക്രട്ടറി അഭിജാത് മിശ്രയാണ് സൗജന്യ പ്രദർശനം ഒരുക്കിയത്. ലൗ ജിഹാദ് പോലുളള പ്രവണതകളിൽ നിന്ന് കുട്ടികളെ രക്ഷിക്കുകയാണ് ലക്ഷ്യമെന്ന് അഭിജാത് മിശ്ര പറഞ്ഞു.
ഇതുപോലുളള ചതിക്കുഴികളിൽ പെൺകുട്ടികൾ ഒരിക്കലും വീഴാൻ പാടില്ല. പഠനത്തിൽ ശ്രദ്ധിക്കുകയാണ് അവർ വിദ്യാഭ്യാസകാലത്ത് ചെയ്യേണ്ടത്. അതാണ് സൗജന്യ പ്രദർശനം ഒരുക്കിയതിലൂടെ താൻ കൈമാറുന്ന സന്ദേശമെന്ന് അഭിജിത് മിശ്ര പറഞ്ഞു. തീർച്ചയായും കാണേണ്ട സിനിമയാണെന്നും ഇത്തരം ചതികളിൽ വീഴാൻ സാദ്ധ്യതയുളള പെൺകുട്ടികളുടെ ജീവിതം രക്ഷപെടുത്തുന്ന സിനിമയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തീവ്രവാദത്തെയും ലൗ ജിഹാദിനെയും പിന്തുണയ്ക്കുന്നവരാണ് ഈ സിനിമ വിലക്കണമെന്ന് പറയുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നവയുഗ് കന്യാ പോസ്റ്റ് ഗ്രാജ്വേറ്റ് കോളജിൽ നിന്നുളള 100 വിദ്യാർത്ഥിനികളാണ് സിനിമ കാണാൻ എത്തിയത്. ലക്‌നൗവിലെ തിയറ്ററിലായിരുന്നു ഇവർക്ക് വേണ്ടി പ്രദർശനം ഒരുക്കിയത്.
യഥാർത്ഥ പ്രണയത്തിന് അപമാനമാണ് ലൗ ജിഹാദ്. കുട്ടികളെ ദേശവിരുദ്ധരാക്കി മാറ്റുകയാണ് ഇതിലൂടെ. എല്ലാവർക്കും അവരുടെ മതത്തിൽ വിശ്വസിക്കാനുളള സ്വാതന്ത്ര്യം ഉണ്ട്. പക്ഷെ ഇത് ശാരീരിക ചൂഷണവും അവരെ തെറ്റായ വഴിയിലേക്ക് തളളിവിടുന്നതുമാണെന്ന് അഭിജാത് മിശ്ര പ്രതികരിച്ചു.
Discussion about this post