ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നടത്തിയ അപ്രതീക്ഷിത ക്യാമ്പസ് സന്ദർശനത്തിനെതിരെ ഡൽഹി സർവ്വകലാശാല. സർവകലാശാലയുടെ ആൺകുട്ടികൾക്കായുളള ഒരു ഹോസ്റ്റലിൽ രാഹുൽ മുന്നറിയിപ്പില്ലാതെ നടത്തിയ സന്ദർശനം സുരക്ഷാ പ്രശ്‌നങ്ങൾ ഉണ്ടാക്കിയെന്നും വിദ്യാർത്ഥികളുടെ ഉച്ചഭക്ഷണവിതരണവും മുടങ്ങിയെന്നും സർവ്വകലാശാല അധികൃതർ ചൂണ്ടിക്കാട്ടി.
രാഹുലിന്റെ സന്ദർശനം സുരക്ഷാ പ്രശ്‌നമുണ്ടാക്കിയതായി സർവ്വകലാശാല സുരക്ഷാ ജീവനക്കാർ പരാതിപ്പെട്ടതായും അധികൃതർ പറയുന്നു. രാഹുലിന്റെ വരവ് അനുമതി തേടാതെയായിരുന്നുവെന്ന് സർവ്വകലാശാല പ്രോക്ടർ രജ്‌നി അബ്ബി പറഞ്ഞു. അപ്രതീക്ഷിത സന്ദർശനത്തിനിടെ വിദ്യാർത്ഥികളിൽ പലർക്കും ഭക്ഷണം കിട്ടിയില്ലെന്ന പരാതികളും ഉണ്ടായെന്നും രജ്‌നി അബ്ബി കൂട്ടിച്ചേർത്തു.
സാധാരണയായി 75 കുട്ടികൾക്കാണ് അവിടെ ഭക്ഷണം തയ്യാറാക്കുന്നത്. ആറോ ഏഴോ പേർക്കുളളത് കൂടി അധികം കരുതും. എന്നാൽ രാഹുൽ ആൾക്കൂട്ടത്തിനൊപ്പം വന്ന് കുട്ടികൾക്കൊപ്പം ഭക്ഷണം കഴിക്കുകയായിരുന്നു. ആ തിരക്കിനിടയിൽ പലർക്കും ഭക്ഷണം കഴിക്കാൻ കഴിഞ്ഞില്ലെന്ന് പ്രോക്ടർ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾ പരാതി എഴുതി നൽകുകയും ചെയ്തു.
ഇത് ഒരു പൊതുസ്ഥലമല്ല, ആർക്കും എപ്പോഴും എവിടെയും പോകുന്നത് പോലെ ഇവിടെ വരാനാകില്ല, വിദ്യാർത്ഥികൾ പോലും അല്ലാത്ത ഒരു സംഘത്തിനൊപ്പമാണ് രാഹുൽ വന്നതെന്നും പ്രോക്ടർ കുറ്റപ്പെടുത്തി. കുറഞ്ഞപക്ഷം തന്റെ ഓഫീസിലെങ്കിലും രാഹുലിന് അറിയിക്കാമായിരുന്നു.
സെഡ് പ്ലസ് കാറ്റഗറി സുരക്ഷയുളള നേതാവാണ് രാഹുൽ. ക്യാമ്പസിൽ വെച്ച് എന്തെങ്കിലും സംഭവിച്ചാൽ ആരാകും ഉത്തരവാദിയെന്നും പ്രോക്ടർ ചോദിച്ചു.
Discussion about this post