തിരുവനന്തപുരം; ആഭ്യന്തരസംഘർഷം രൂക്ഷമായ സുഡാനിൽ നിന്നും മലയാളികൾ ഉൾപ്പെടെയുളളവരെ സുരക്ഷിതമായി ഒഴിപ്പിച്ച് നാട്ടിലെത്തിച്ച ഓപ്പറേഷൻ കാവേരി രക്ഷാദൗത്യത്തിന് ചുക്കാൻ പിടിച്ച കേന്ദ്രമന്ത്രി വി. മുരളീധരന് തിരുവനന്തപുരത്ത് ഉജ്ജ്വല സ്വീകരണമൊരുക്കി ബിജെപി പ്രവർത്തകർ. സുഡാനിൽ നിന്നും കപ്പൽ വഴിയും വിമാനമാർഗവും ജിദ്ദയിലെത്തിച്ചാണ് ഇന്ത്യക്കാരെ നാട്ടിലെത്തിച്ചത്. ദൗത്യത്തിന്റെ തുടക്കം മുതൽ ജിദ്ദയിൽ ക്യാമ്പ് ചെയ്തായിരുന്നു വി. മുരളീധരന്റെ പ്രവർത്തനം.
വ്യോമസേനയുടെ 17 വിമാനങ്ങളിലും നാവികസേനയുടെ അഞ്ച് കപ്പലുകളിലുമായി 3862 പേരെയാണ് സുഡാനിൽ നിന്നും ഇന്ത്യ സുരക്ഷിതമായി ഒഴിപ്പിച്ചത്. വിമാനം ലാൻഡ് ചെയ്യാൻ ദുഷ്‌കരമായ സ്ഥലങ്ങളിൽ കടന്നുചെന്നാണ് വ്യോമസേന രക്ഷാദൗത്യം പൂർണതയിലെത്തിച്ചത്. പ്രധാനമന്ത്രിയുടെ കൊച്ചി, തിരുവനന്തപുരം സന്ദർശനത്തിനിടെയാണ് വിദേശകാര്യസഹമന്ത്രി കൂടിയായ വി. മുരളീധരന് സുഡാൻ രക്ഷാദൗത്യത്തിന്റെ ചുമതലയേൽക്കേണ്ടി വന്നത്. കൊച്ചിയിലെ പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് പിന്നാലെ ജിദ്ദയിലേക്ക് പോയ അദ്ദേഹം അവിടെ ക്യാമ്പ് ചെയ്ത് പിന്നീട് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയായിരുന്നു.
സുഡാനിൽ നിന്നും ജിദ്ദയിലെത്തിച്ച ഓരോരുത്തരുടെയും ക്ഷേമം ഉറപ്പിക്കുന്നതായിരുന്നു വി. മുരളീധരന്റെ സാന്നിദ്ധ്യവും ഇടപെടലും. ദൗത്യം ഏറെക്കുറെ പൂർണമായ ശേഷം മാത്രമാണ് അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങിയത്. ദൗത്യത്തിന് സൗദി നൽകിയ പിന്തുണയ്ക്ക് നന്ദി അറിയിക്കാനും ഉഭയകക്ഷി ചർച്ചകൾക്കുമായി അദ്ദേഹം വീണ്ടും സൗദിയിലേക്ക് പോയിരുന്നു. ഇതിന് ശേഷം മടങ്ങിയെത്തിയപ്പോഴാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ ബിജെപി പ്രവർത്തകർ സ്വീകരണമൊരുക്കിയത്.
ചെണ്ടമേളത്തിന്റെയും പുഷ്പവൃഷ്ടിയുടെയും അകമ്പടിയോടെ കിരീടധാരണം നടത്തിയാണ് വി. മുരളീധരനെ ബിജെപി പ്രവർത്തകർ വരവേറ്റത്. സ്വീകരണത്തിന് അദ്ദേഹം നന്ദി പറഞ്ഞു.
Discussion about this post