കോഴിക്കോട്: മൂന്ന് കുട്ടികളെ കാറിന്റെ സൺറൂഫിലിരുത്തി വാഹനം ഓടിച്ച സംഭവത്തിൽ ഉടമയുടെ ലൈസൻസ് മോട്ടോർ വാഹന വകുപ്പ് സസ്‌പെൻഡ് ചെയ്തു. കോഴിക്കോട് കുന്നമംഗലത്ത് കഴിഞ്ഞ ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. കുട്ടികളെ സൺറൂഫിലിരുത്തി വാഹനം ഓടിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായതിന് പിന്നാലെയാണ് നടപടി.
കാറിന്റെ ഉടമയായ നരിക്കുനി പന്നിക്കോട് സ്വദേശി മുജീബ് ആണ് കുട്ടികളെ ഇത്തരത്തിൽ അപകടകരമായ രീതിയിൽ ഇരുത്തി കാർ ഓടിച്ചത്. ഇയാളുടെ പിന്നിൽ വന്ന വാഹനത്തിലെ യാത്രക്കാരാണ് ഇതിന്റെ ദൃശ്യങ്ങൾ പകർത്തിയത്. ഇവർ ഈ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമത്തിൽ പങ്കുവയ്ക്കുകയും ചെയ്തു.
ഇത് വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് മോട്ടോർ വാഹനവകുപ്പ് വിവരം അറിഞ്ഞ് നടപടിയെടുക്കുന്നത്. മുജീബിനെ ആർടിഒ ഓഫീസിൽ വിളിച്ച് വരുത്തി കാരണം കാണിക്കൽ നോട്ടീസ് നൽകുകയാണ് ആദ്യം ചെയ്തത്. കാറോടിച്ചത് താനാണെന്നും ഇയാൾ സമ്മതിച്ചു. വിശദീകരണം തേടിയതിന് പിന്നാലെയാണ് ആറ് മാസത്തേക്ക് ലൈസൻസ് സസ്‌പെൻഡ് ചെയ്ത് ഉത്തരവായത്.
Discussion about this post