ധാർചുല: ലീവ് നൽകാത്തതിന്റെ പേരിലുണ്ടായ തർക്കത്തിനൊടുവിൽ ബാങ്ക് മാനേജരെ തീ കൊളുത്തി കൊല്ലാൻ ശ്രമിച്ച സുരക്ഷാ ജീവനക്കാരൻ അറസ്റ്റിൽ. ഉത്തരാഖണ്ഡിലെ ധാർചുലയിൽ ഇന്നലെ രാവിലെയാണ് സംഭവം. എസ്ബിഐ ധാർച്ചുല ശാഖയിലെ മാനേജരായ മുഹമ്മദ് ഒവൈസിന് നേരെയായിരുന്നു ആക്രമണം. ശരീരത്തിന് 30 ശതമാനം പൊള്ളലേറ്റ ഇയാളെ ഡൽഹി അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സംഭവത്തിൽ വിമുക്തഭടനായ ദീപക് ഛേത്രിയെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. രണ്ട് വർഷമായി ധാർച്ചുലയിലെ എസ്ബിഐ ശാഖയിലാണ് ദീപക് ജോലി ചെയ്യുന്നത്. ശനിയാഴ്ച ബാങ്ക് തുറന്ന് പ്രവർത്തനം ആരംഭിച്ചതിന് പിന്നാലെയാണ് ദീപക് ബാങ്കിലെത്തി മാനേജരുമായി തർക്കത്തിലേർപ്പെടുന്നത്.
തർക്കം രൂക്ഷമായതോടെ കയ്യിൽ കരുതിയ പെട്രോൾ മുഹമ്മദിന്റെ ദേഹത്തേക്ക് ഒഴിച്ചതിന് ശേഷം ദീപക് തീ കൊളുത്തുകയായിരുന്നു. തീ പടരുന്നത് കണ്ട് ഓടിയെത്തിയ ജീവനക്കാരാണ് മുഹമ്മദിനെ ആശുപത്രിയിലെത്തിച്ചതും പോലീസിൽ വിവരം അറിയിച്ചതും. ദീപക്കിനെതിരെ കൊലപാതകശ്രമത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു. മാനേജർ പക്ഷപാതപരമായി പെരുമാറുകയാണെന്നും, അർഹമായ അവധി തരാതെ തുടർച്ചയായി ബുദ്ധിമുട്ടിച്ചതിന്റെ പേരിലാണ് കൃത്യത്തിന് മുതിർന്നതെന്നുമാണ് പ്രതി പോലീസിന് മൊഴി നൽകിയത്.
Discussion about this post