ഇന്ത്യൻ രൂപ ഉപയോഗിച്ച് ഖത്തറിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിൽ ഷോപ്പിംഗ് നടത്തുന്നതിന്റെ ചിത്രങ്ങൾ പങ്കുവച്ച് ഇന്ത്യയിലെ ആദ്യ വനിതാ റേസിംഗ് ചാമ്പ്യൻ അലിഷ അബ്ദുള്ള. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി അറിയിച്ച് കൊണ്ടാണ് അലിഷ ഖത്തറിൽ നിന്നുള്ള ചിത്രങ്ങൾ ട്വിറ്ററിൽ പങ്കുവച്ചിരിക്കുന്നത്. ഇത്തരം നല്ല മാറ്റങ്ങളുടെ ശക്തി പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്നും, അദ്ദേഹത്തിന് മാത്രമേ ഇത് ചെയ്യാൻ സാധിക്കൂ എന്നുമാണ് അലിഷ തന്റെ കുറിപ്പിൽ പറയുന്നത്.
നേരത്തെ ബോളിവുഡിലെ പ്രശസ്ത ഗായകൻ മിക സിംഗും ദോഹ എയർപോർട്ടിൽ ഇന്ത്യൻ രൂപ ഉപയോഗിക്കാൻ സാധിച്ചതിന് പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച് രംഗത്തെത്തിയിരുന്നു. ദോഹ എയർപോർട്ടിലെ ലൂയിസ് വിറ്റൺ സ്‌റ്റോറിൽ ഷോപ്പിംഗ് നടത്തുമ്പോൾ ഇന്ത്യൻ രൂപ ഉപയോഗിക്കാൻ സാധിച്ചതിൽ തനിക്ക് അഭിമാനം തോന്നുന്നുവെന്നാണ് അദ്ദേഹം കുറിച്ചിരുന്നു. ഇവിടെ എവിടെ വേണമെങ്കിലും ഇന്ത്യൻ രൂപ ഉപയോഗിക്കാമെന്നും, ഡോളർ പോലെ ഇന്ത്യൻ രൂപയും ലോകം മുഴുവൻ ഉപയോഗിക്കുമെന്നും ഇതിന് പ്രധാനമന്ത്രിക്ക് നന്ദി പറയുകയാണെന്നുമാണ് മിക സിംഗ് കുറിച്ചത്.
ഇന്ന് നിരവധി രാജ്യങ്ങൾ വിനിമയത്തിനായി ഇന്ത്യൻ രൂപ ഉപയോഗിക്കാറുണ്ട്. വൈകാതെ തന്നെ അന്താരാഷ്ട്ര വിപണിയിൽ ഡോളറിന് സമാനമായ മൂല്യം ഇന്ത്യ്ൻ രൂപയ്ക്ക് ഉണ്ടാകുമെന്നാണ് വിദഗ്ധർ പറയുന്നത്. നിലവിൽ ബോട്‌സ്വാന, ഫിജി, ജർമ്മനി, ഗയാന, ഇസ്രായേൽ, കെനിയ, മലേഷ്യ, മൗറീഷ്യസ്, മ്യാൻമർ, ന്യൂസിലാൻഡ്, ഒമാൻ, റഷ്യ, സീഷെൽസ്, സിംഗപ്പൂർ, ശ്രീലങ്ക, ടാൻസാനിയ, ഉഗാണ്ട, യുകെ എന്നീ രാജ്യങ്ങൾ ഇന്ത്യൻ രൂപയിൽ പണമിടപാട് നടത്തുന്നുണ്ട്.
Discussion about this post