അമൃത്സർ: പഞ്ചാബിലെ അമൃത്സറിൽ സുവർണ ക്ഷേത്രത്തിന് സമീപം സ്ഫോടനം. ഇന്ന് പുലർച്ചെയാണ് മേഖലയിൽ സ്‌ഫോടനം ഉണ്ടായത്. ഇന്നലെ രാത്രിയും സുവർണ ക്ഷേത്രത്തിന് സമീപം സ്‌ഫോടനമുണ്ടായിരുന്നു. സംഭവത്തിൽ ഒരാൾക്ക് പരിക്കേറ്റിരുന്നു. ആദ്യ സ്‌ഫോടനം നടന്ന് മണിക്കൂറുകൾക്കുള്ളിലാണ് രണ്ടാമത്തെ സ്‌ഫോടനം.
സുവർണ്ണ ക്ഷേത്രത്തിലേക്കുള്ള വഴിയിൽ സരഗർഹി സറായിക്ക് സമീപം ഇന്ന് രാവിലെ 6:30 ഓടെയാണ് രണ്ടാമത്തെ സ്‌ഫോടനം ഉണ്ടായത്. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. സ്ഥലത്തേക്ക് പോലീസും ഫോറൻസിക് സംഘവും ബോംബ് സ്‌ക്വാഡും എത്തിയിട്ടുണ്ട്. നിലവിൽ സ്ഥിതിഗതികൾ ശാന്തമാണെന്നും കാര്യങ്ങൾ പരിശോധിച്ച് വരികയാണെന്നും അമൃത്സർ എഡിസിപി മെഹ്താബ് സിംഗ് പറഞ്ഞു.
ഒരേ സ്ഥലത്ത് തുടർച്ചയായുണ്ടായ സ്‌ഫോടനങ്ങൾ ജനങ്ങളിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. സുവർണ ക്ഷേത്രത്തിലും പരിസരത്തും പോലീസ് സുരക്ഷ വർദ്ധിപ്പിച്ചു. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
Discussion about this post