ലക്‌നൗ : പോപ്പുലർ ഫ്രണ്ടുമായി ബന്ധം കണ്ടെത്തിയതിനെ തുടർന്ന് മുൻ സമാജ്‌വാദി പാർട്ടി നേതാവിനെ അറസ്റ്റ് ചെയ്ത് ഉത്തർപ്രദേശ് പോലീസ്. മുൻ മന്ത്രിയും നിലവിൽ ഫാർമേഴ്‌സ് യൂണിയൻ അംഗവുമായ അബ്ദുൾ ഖാലിദ് അൻസാരിയാണ് അറസ്റ്റിലായത്. കൂടുതൽ വിവരങ്ങൾക്കായി ഇയാളെ ചോദ്യം ചെയ്തുവരികയാണ്.
സമാജ്‌വാദി പാർട്ടിയിൽ നിന്നും രാജിവച്ച അബ്ദുൾ ഖാലിദ് അൻസാരി എസ്ഡിപിഐയിൽ ചേർന്നിരുന്നു. ആ സമയത്താണ് നിരോധിത മത ഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ടുമായി ഇയാൾക്ക് അടുത്ത ബന്ധം ഉണ്ടായിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ഇയാൾ നേരത്തെ തന്നെ ഭീകര വിരുദ്ധ സ്‌ക്വാഡിന്റെ നിരീക്ഷണത്തിലായിരുന്നു.
ബുലന്ദേശഹറിൽ കഴിഞ്ഞിരുന്ന ഇയാൾ ഭാര്യയുടെ ചികിത്സയ്‌ക്കെന്ന പേരിൽ മീററ്റിൽ എത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട വിവരം ഭീകര വിരുദ്ധ സ്‌ക്വാഡിന് ലഭിച്ചിരുന്നു. ഇതോടെ അബ്ദുൾ ഖാലിദിനെ മീററ്റിൽ എത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
അതേസമയം അറസ്റ്റിനോട് അനുബന്ധിച്ച് ഉത്തർപ്രദേശിലെ 30 ജില്ലകളിൽ ഭീകരവിരുദ്ധ സ്‌ക്വാഡ് പരിശോധന നടത്തിയിരുന്നു. ഇതിൽ പോപ്പുലർ ഫ്രണ്ടുമായി ബന്ധമുള്ള 50 പേരെയാണ് അറസ്റ്റ് ചെയ്തത്. പൗരത്വ ഭേദഗതിയ്‌ക്കെതിരായ പ്രതിഷേധത്തിനിടെ ആക്രമണം നടത്തിയ കേസിലെ പ്രധാന പ്രതികളായ പർവേസ് അഹമ്മദ്, റയീസ് അഹമ്മദ് എന്നിവരെയും പരിശോധനയ്‌ക്കൊടുവിൽ പിടികൂടിയിട്ടുണ്ട്. ഇവരുടെ തലയ്ക്ക് 50,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
Discussion about this post