മലപ്പുറം: താനൂരിൽ അപകടത്തിൽപ്പെട്ട ബോട്ടിന്റെ ഉടമ നാസറിനെതിരെ കർശന നടപടികളുമായി പോലീസ്. നാസറിനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തി കേസ് എടുക്കാനാണ് പോലീസിന്റെ തീരുമാനം. മലപ്പുറം താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയ നാസറിനെ ഇന്ന് ഉച്ചയോടെ പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കും.
കോടതിയിൽ ഹാജരാക്കുന്നതിന് മുന്നോടിയായാകും കൂടുതൽ വകുപ്പുകൾ ചുമത്തുക. കോടതിയിൽ എത്തിക്കുമ്പോൾ നാസറിന് നേരെ വലിയ പ്രതിഷേധമുണ്ടാകുമെന്നാണ് പോലീസിന്റെ വിലയിരുത്തൽ. ആക്രമണ സാദ്ധ്യതയും പോലീസ് തള്ളിക്കളയുന്നില്ല. ഈ സാഹചര്യത്തിൽ വൻ പോലീസ് സന്നാഹത്തോടെയായിരിക്കും നാസറിനെ കോടതിയിൽ ഹാജരാക്കുക. ഇന്നലെ വൈകീട്ടോടെയാണ് നാസറിനെ പോലീസ് പിടികൂടിയത്.
അതേസമയം സംഭവ സമയത്ത് ബോട്ട് ഓടിച്ചിരുന്ന സ്രാങ്ക് താനൂർ ഒട്ടുംപുറും സ്വദേശി ദിനേശ്, ഒപ്പമുണ്ടായിരുന്ന ജീവനക്കാരൻ രാജൻ എന്നിവർ ഒളിവിലാണ്. ഇവർക്കായി പോലീസ് ഊർജ്ജിത അന്വേഷണം തുടരുകയാണ്. ഇരുവരും ജില്ലയിൽ തന്നെയുണ്ടെന്നാണ് പോലീസിന്റെ നിഗമനം. ഇതിന്റെ അടിസ്ഥാനത്തിൽ ശക്തമായ പരിശോധനയും നിരീക്ഷണവും തുടരുകയാണ്. ഉത്തരമേഖല ഐജിയുടെ മേൽനോട്ടത്തിലാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി സംഘം ഇന്ന് യോഗം ചേരും.
ദുരന്തമുണ്ടായ തൂവൽ തീരത്ത് ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിൽ തിരച്ചിൽ തുടരുകയാണ്. മരിച്ച 22 പേർക്ക് പുറമേ മറ്റാരുടെയും മൃതദേഹം കണ്ടെത്താൻ സംഘത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിൽ ഇന്ന് വൈകീട്ടോടെ തിരച്ചിൽ അവസാനിപ്പിക്കാനാണ് തീരുമാനം.
Discussion about this post