സംബൽപൂർ: ചോറ് ഉണ്ടാക്കാത്തതിന്റെ പേരിൽ ഭാര്യയെ ഭർത്താവ് തലയ്ക്കടിച്ച് കൊലപ്പെടുത്തി. ഒഡീഷയിലെ സംബാൽപൂർ ജില്ലയിൽ നിന്ന് 40കാരനായ സനാതൻ ധാരുവയെ കസ്റ്റഡിയിലെടുത്തതായി പോലീസ് വ്യക്തമാക്കി. ഇയാളുടെ ഭാര്യ പുഷ്പ ധാരുവ(35) ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രി ജമൻകിര പോലീസ് സ്‌റ്റേഷനിലെ നുവാധി ഗ്രാമത്തിലാണ് സംഭവം.
ഇരുവർക്കും ഒരു മകനും മകളും ആണുള്ളത്. സംഭവസമയം മകൻ സുഹൃത്തിന്റെ വീട്ടിലേക്കും മകൾ സമീപത്തുള്ള ഒരു വീട്ടിൽ വീട്ടുജോലി ചെയ്യുന്നതിനുമായി പോയിരിക്കുകയായിരുന്നു. രാത്രി വീട്ടിലെത്തിയ സനാതൻ ഭാര്യയോട് ഭക്ഷണം ആവശ്യപ്പെട്ടു. എന്നാൽ കറി മാത്രമാണ് വച്ചതെന്നും ചോറ് വച്ചിട്ടില്ലെന്നുമായിരുന്നു മറുപടി. ഇതിന്റെ പേരിൽ ഇരുവരും തമ്മിൽ വാക്കുതർക്കം ആരംഭിച്ചു.
പിന്നാലെ സനാതൻ ഭാര്യയെ ആക്രമിക്കുകയും, വെട്ടുകത്തി ഉപയോഗിച്ച് വെട്ടിക്കൊല്ലുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു. ഇവരുടെ മകൻ തൊട്ടടുത്ത ദിവസം വീട്ടിൽ എത്തിയപ്പോഴാണ് കൊലപാതക വിവരം പുറംലോകം അറിയുന്നത്. മകൻ തന്നെയാണ് ഈ വിവരം പോലീസിനെ അറിയിക്കുന്നതും. മൃതദേഹം പോലീസ് എത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ഒളിവിൽ പോയ ഇയാളെ മണിക്കൂറുകൾക്കുള്ളിൽ തന്നെ പോലീസ് പിടികൂടുകയും ചെയ്തതായി പോലീസ് അറിയിച്ചു.
Discussion about this post