ലക്‌നൗ: ഉത്തർപ്രദേശിൽ നിന്നും നൂറ്റാണ്ടുകൾ പഴക്കമുള്ള വിഗ്രഹം കണ്ടെടുത്തു. നിർമ്മാണ പ്രവർത്തനങ്ങൾക്കായി കുഴിയെടുക്കുന്നതിനിടെ ആഗ്രയിലെ ചെറു ഗ്രാമത്തിൽ നിന്നുമായിരുന്നു ശിവ- പാർവ്വതി വിഗ്രഹം കണ്ടെടുത്തത്. നാട്ടുകാർ ഇത് സ്ഥാനം കണ്ടെത്തി സ്ഥാപിച്ച് ആരാധന നടത്താൻ ആരംഭിച്ചു.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. കബൂൽപൂർ എന്ന ഗ്രാമത്തിൽ നിന്നായിരുന്നു വിഗ്രഹം കണ്ടെടുത്തത്. ഗ്രാമത്തിലെ കർഷകരെല്ലാം ചേർന്ന് പ്രദേശത്തെ റോഡ് വൃത്തിയാക്കുകയായിരുന്നു. ഇതിനായി മണ്ണെടുക്കുമ്പോഴായിരുന്നു വിഗ്രഹം കണ്ടത്. ഉടനെ തുടർന്നുള്ള നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കുകയായിരുന്നു.
ആദ്യ കാഴ്ചയിൽ വിഷ്ണുവിന്റെയും ശിവന്റെയും വിഗ്രഹമാണെന്നായിരുന്നു പ്രദേശവാസികൾക്ക് തോന്നിയത്. എന്നാൽ പിന്നീട് ശിവ- പാർവ്വതി വിഗ്രഹമാണെന്ന് വ്യക്തമാകുകയായിരുന്നു. സംഭവം അറിഞ്ഞ് ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ സ്ഥലത്ത് എത്തി വിഗ്രഹം പരിശോധിച്ചു.
മുഗൾ കാലഘട്ടത്തെ വിഗ്രഹം ആണ് ഇതെന്നാണ് കരുതുന്നത്. ഒറ്റക്കല്ലിലാണ് ഇരു വിഗ്രഹങ്ങളും തീർത്തിരിക്കുന്നത്. ആടയാഭരണങ്ങൾ അണിഞ്ഞ ശിവനെയും പാർവ്വതിയെയുമാണ് വിഗ്രഹത്തിൽ കാണാൻ സാധിക്കുക. അതേസമയം വിവരം അറിഞ്ഞ് പ്രദേശവാസികൾ ഒത്ത കൂടി. ശേഷം വിഗ്രഹത്തിൽ അഭിഷേകം നടത്തി മറ്റൊരു സ്ഥാനത്തേക്ക് മാറ്റുകയായിരുന്നു. ഇതിന് ശേഷം വിളക്ക് വച്ച് ആരാധനയും ആരംഭിച്ചു. സംഭവം അറിഞ്ഞ് അയൽ ഗ്രാമങ്ങളിൽ നിന്നും ആളുകൾ എത്തുന്നുണ്ട്.
Discussion about this post