മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നത് ഓരോരുത്തരുടെയും ചോയ്സാണെന്നും സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗം മറ്റുള്ളവര്‍ക്ക് ശല്യമാകുന്നുണ്ടെങ്കില്‍ അത് നിയന്ത്രിക്കണമെന്നും നടി നിഖില വിമൽ. കണ്ണൂര്‍ പ്രസ് ക്ലബില്‍ ജേര്‍ണലിസ്റ്റ് വോളി ലീഗിന്റെ തീം സോങ് പ്രകാശത്തിനിടെയാണ് വിഷയത്തിൽ നടിയുടെ പ്രതികരണം.
ലഹരി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ താന്‍ അഭിനയിച്ച സിനിമകളുടെ സെറ്റുകളിലുണ്ടായിട്ടില്ല. അത്തരം അനുഭവങ്ങൾ തനിക്ക് ഉണ്ടായിട്ടില്ലെന്നും നിഖില വ്യക്തമാക്കി.’മദ്യവും ലഹരിയാണ്, എന്നാല്‍ അത് നിരോധിച്ചിട്ടില്ല. സിനിമാ സെറ്റുകളിൽ ഷാഡോ പോലീസ് പരിശോധന നടത്തുന്നതിൽ തെറ്റില്ലെന്നും നടി പറഞ്ഞു. ഇത്തരം കാര്യങ്ങള്‍ ഫെഫ്ക പോലുള്ള സംഘടനകളാണ് തീരുമാനിക്കേണ്ടതെന്നും നിഖില വ്യക്തമാക്കി.
അതേ സമയം താൻ പറഞ്ഞ കാര്യങ്ങൾ വളച്ചൊടിച്ച് മാദ്ധ്യമങ്ങൾ തനിക്കെതിരെ പ്രചരിപ്പിച്ചുവെന്നും പരിപാടിക്കിടെ നിഖില തുറന്നു പറഞ്ഞു. ‘ഞാൻ ഒരു പ്രത്യേക മതവിഭാഗത്തിലെ സ്ത്രീകളെ കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല. ഓരോ നാടിന്റെയും പ്രത്യേകതകളെ കുറിച്ച് സംസാരിക്കുകയായിരുന്നു. ഇതില്‍ നിന്ന് ഒരു വരി മാത്രം അടര്‍ത്തിയെടുത്ത് വെറുതെ വിവാദങ്ങള്‍ ഉണ്ടാക്കിയത് മാദ്ധ്യമങ്ങളാണ്. ഈ കാര്യത്തില്‍ ആരും എന്റെ പ്രതികരണം ചോദിച്ചിട്ടില്ല. ഞാൻ പ്രതികരിച്ചിട്ടുമില്ല. ഇതിനെ തുടര്‍ന്ന് സോഷ്യല്‍മീഡയയിലുണ്ടായ വിവാദങ്ങളില്‍ എനിക്ക് ഉത്തരവാദിത്വമില്ലെന്നും നിഖില പറഞ്ഞു.
കാസർകോഡ് മേഖലയിലാണ് സിനിമാ ഷൂട്ടിങ്ങുകൾ ധാരാളമായി നടക്കുന്നതെന്നും, ഇവിടങ്ങളിലെ മയക്കുമരുന്നിൻറെ ലഭ്യതയാണ് ഇതിന് കാരണമെന്നുമുള്ള നിർമ്മാതാവ് എം. രഞ്ജിത്തിൻറെ പ്രസ്താവന വിവാദങ്ങൾക്ക് വഴിതെളിച്ചിരുന്നു. ഇതിൻറെ ഭാഗമായി മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിനാണ് നടിയുടെ പ്രതികരണം.
Discussion about this post