തമിഴ്‌നാട്ടിലെ തേനി ജില്ലയുടെ ഭാഗമായ മേഘമല അരികൊമ്പന്റെ വിഹാരാകേന്ദ്രം എന്ന നിലക്ക് വാർത്തകളിൽ ഇടംപിടിക്കുകയാണ്. എന്നാൽ ഇടതൂർന്ന തേയിലത്തോട്ടങ്ങൾ മാത്രമല്ല ഈ പ്രദേശത്തിന്റെ പ്രത്യേകത.പകൽ മുഴുവൻ മഞ്ജു പെയ്യുന്ന മേഘമല ഏതൊരു യാത്രികന്റെയും സ്വപ്നഭൂമിയാണ്. മൂന്നാറിന്റെ മറ്റൊരു പതിപ്പ് എന്നൊക്കെ പറയാമെങ്കിലും യഥാർത്ഥത്തിൽ അതിലും മനോഹരമാണ് ഈ പ്രദേശം.വേനൽക്കാലത്ത് നാട്ടിലെ വെന്തുപൊള്ളുന്ന ചൂടിൽ നിന്നും ഒരാശ്വാസം തേടി വരുവാൻ പറ്റിയ ഇവിടം സഞ്ചാരികൾക്കിടയിൽ മെല്ലെ അറിയപ്പെട്ടു തുടങ്ങുന്നതേയുള്ളൂ.
18 വളവുകളുള്ള ചുരത്തിലൂടെ കയറി വേണം മേഘമലയിലെത്തുവാൻ. സമുദ്രനിരപ്പിൽ നിന്നും ഏകദേശം 1500 കിലോമീറ്റർ ഉയരത്തിലാണ് മേഘമല സ്ഥിതി ചെയ്യുന്നത്. ഇങ്ങോട്ടുള്ള യാത്രയിൽ ഏറ്റവും രസകരം 18 വളവുകൾ കയറുക എന്നതാണ്. പൂവുകളുടെ പേരിട്ടിരിക്കുന്ന ഓരോ വളവുകളും കോടമഞ്ഞാൽ നിറഞ്ഞു നിൽക്കും. കുറിഞ്ഞി, മുല്ല, തുമ്പ, വാക, പിച്ചി, കൂവളം, മല്ലിക, താമര എന്നിങ്ങനെ ഓരോ വളവും ഓരോ അനുഭവമാണ്.
മേഘത്തെ കൈ കൊണ്ട് തൊടാമെന്ന ഫീലിംഗ് ആണ് മേഘമലയിൽ എത്തിയാൽ ഉണ്ടാകുക. അതിരാവിലെയാണ് ഈ കാഴ്ച മനോഹരമായിരിക്കുക. മേഘക്കാഴ്ചക്ക് അപ്പുറം, കുന്നുകളും തേയിലത്തോട്ടങ്ങളും ഇവിടം മനോഹരമാക്കുന്നു. അതോടൊപ്പം വെള്ളച്ചാട്ടങ്ങളും തടാകവും മേഘമലയുടെ ഭംഗി ഇരട്ടിപ്പിക്കുന്നു. മഹാരാജാമേട് വ്യൂ പോയിന്‍റ് ആണ് ഇവിടുത്തെ പ്രധാന ആകർഷണം. വെണ്ണിയാർ ഡാമിനടുത്ത് സ്ഥിതി ചെയ്യുന്ന ഇവിടേക്ക് എസ്റ്റേറ്റ് റോഡ് വഴി 6-7 കിലോമീറ്റർ ദൂരം സഞ്ചരിക്കണം. മണലാർ വെള്ളച്ചാട്ടം, കമ്പം വാലി വ്യൂ, മകരജ്യോതി ഹിൽ, അപ്പർ മണലാർ എസ്റ്റേറ്റ് തുടങ്ങിയവും മേഘമലയിലെ കാഴ്ചകളാണ്.
എല്ലാ ഹിൽ സ്റ്റേഷനുകളെയും പോലെ തേയില, ഏലം എന്നിവയൊക്കെയാണ് പ്രധാന കൃഷികൾ എങ്കിലും ഇടക്കൊക്കെ ഓറഞ്ച്, ആപ്പിൾ എന്നിവയും കാണാൻ കഴിയും. മൂന്നാർ, കുമിളി തുടങ്ങിയ ടൂറിസ്റ്റ് ലൊക്കേഷനിൽ നിന്നും ഏകദേശം അടുത്തായതിനാൽ ഇവിടേക്ക് കണക്ട് ചെയ്തു പോകാനും പറ്റും. എന്നാൽ അധികം സഞ്ചാരികൾ ഇല്ലാത്തതുകൊണ്ടായിരിക്കും ഇപ്പോഴും അതിന്റേതായ തനിമ കാത്തുസൂക്ഷിക്കാൻ ഈ പ്രദേശത്തിന് കഴിയുന്നത്.
Discussion about this post