തൃശൂർ : ഭർത്താവിന്റെ നിർദ്ദേശപ്രകാരം ഭാര്യയുടെ സുഹൃത്തിന്റെ കാറിൽ മയക്കുമരുന്ന് ഒളിപ്പിച്ച് കള്ളക്കേസിൽ പെടുത്താൻ ശ്രമിച്ചയാളെ പോലീസ് പിടികൂടി. തൃശൂർ ആനപ്പുഴ ബാസ്റ്റിൻതുരുത്ത് സ്വദേശി കിരണിനെ (34) ആണ് കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഗർഫിൽ ജോലി ചെയ്യുന്ന ഭർത്താവ് ശ്രീകുമാറിന്റെ നിർദ്ദേശപ്രകാരമാണ് ഇയാളിത് ചെയ്തത് എന്ന് കണ്ടെത്തി.
മാർച്ച് 18 നായിരുന്നു കേസിനാസ്പദമായ സംഭവം. ഭാര്യയെയും സുഹൃത്തിനെയും കുടുക്കാൻ കാറിൽ എംഡിഎംഎ വെയ്ക്കാൻ ശ്രീകുമാർ കിരണിന് നിർദ്ദേശം നൽകി. തുടർന്ന് കിരൺ ഇവരുടെ സ്വിഫ്റ്റ് കാറിനുള്ളി എംഡിഎംഎ പായ്ക്കറ്റ് ഒളിപ്പിക്കുകയായിരുന്നു. ശേഷം വാഹനത്തിന്റെ ചിത്രങ്ങളും ശ്രീകുമാറിന് അയച്ചുകൊടുത്തു. ശ്രീകുമാർ തന്റെ മറ്റൊരു സുഹൃത്ത് വഴി വിവരം കൊടുങ്ങല്ലൂർ പോലീസിന് കൈമാറി.
തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് വമ്പൻ വഴിത്തിരിവ് കണ്ടെത്തിയത്. കേസ് കെട്ടിച്ചമച്ചതാണെന്നും ഭർത്താവിന്റെ നിർദ്ദേശത്തെ തുടർന്നാണ് ഇയാളിത് ചെയ്തത് എന്നും പോലീസിന് വ്യക്തമായി. ഇതോടെയാണ് പ്രതിയെ ഇന്ന് രാവിലെ പിടികൂടിയത്. ക്വട്ടേഷൻ നൽകിയ ഭർത്താവിനെതിരെയും നടപടിയെടുക്കുമെന്ന് പോലീസ് അറിയിച്ചു.
Discussion about this post