ജയ്പൂർ : ദ കേരള സ്റ്റോറി എന്ന സിനിമയെക്കുറിച്ച് വാട്‌സ്ആപ്പിൽ സ്റ്റാറ്റസ് ഇട്ടതിന് ദളിത് യുവാവിന് ക്രൂരമർദ്ദനം. രാജസ്ഥാനിലെ ജോധ്പൂരിലാണ് സംഭവം. അഭിഷേക് സർഗാര എന്ന ദളിത് യുവാവിനെയാണ് അക്രമികൾ ക്രൂരമർദ്ദനത്തിന് ഇരയാക്കിയത്. ഇനി ഇത്തരം സ്റ്റാറ്റസുകൾ പങ്കുവെച്ചാൽ കഴുത്തറുക്കുമെന്നും മതതീവ്രവാദികൾ ഭീഷണി മുഴക്കി.
മെയ് 6 നാണ് അഭിഷേക് ദ കേരള സ്റ്റോറി എന്ന സിനിമ കണ്ടത്. തുടർന്ന് സിനിമയെ അഭിനന്ദിച്ച യുവാവ് എല്ലാ പെൺകുട്ടികളും ഇത് കണ്ടിരിക്കണമെന്നും പറഞ്ഞുകൊണ്ട് വാട്‌സ്ആപ്പിൽ സ്റ്റാറ്റസ് പങ്കുവെച്ചു. അന്ന് രാത്രി വീട്ടിലേക്ക് മടങ്ങുന്നതിനിടെ അഭിഷേകിനെ അക്രമികൾ വഴിയിൽ തടഞ്ഞുനിർത്തുകയായിരുന്നു. അലി, പിന്റു, അമാൻ എന്നിവർ ചേർന്നാണ് അഭിഷേകിനെ തടഞ്ഞത്. ”ഞങ്ങളുടെ മതത്തെ നീ അപകീർത്തിപ്പെടുത്തുകയാണോ” എന്ന് അവർ ചോദിച്ചു. എന്തിനാണ് വാട്‌സ്ആപ്പിൽ സ്റ്റാറ്റസ് പങ്കുവെച്ചത് എന്നും അവർ ആരാഞ്ഞു.
വീട്ടിൽ നിന്ന് ഫോൺ എടുത്തുകൊണ്ടുവരാൻ ഇവർ അഭിഷേകിനോട് ആവശ്യപ്പെട്ടു. അമ്മയോട് ഇത് തന്റെ സുഹൃത്തുക്കളാണ് എന്നാണ് അഭിഷേക് പറഞ്ഞത്. അക്രമികൾക്ക് സ്റ്റാറ്റസ് കാണിച്ചുകൊടുക്കാൻ ആരംഭിച്ചതോടെ ഇവർ അഭിഷേകിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. വീട്ടിലേക്ക് ഓടിക്കയറിയാണ് അഭിഷേക് രക്ഷപ്പെട്ടത്.
താൻ ആരെയും അപകീർത്തിപ്പെടുത്തുന്ന തരത്തിൽ ഒന്നും പങ്കുവെച്ചിട്ടില്ലെന്നും തന്നെ അനാവശ്യമായി മർദ്ദിക്കുകയായിരുന്നുവെന്നും അഭിഷേക് പറഞ്ഞു. മെയ് 7 ന് വിശ്വ ഹിന്ദു പരിഷത്ത് പ്രവർത്തകർ ഉദയ് മന്ദിർ പോലീസ് സ്‌റ്റേഷനിലെത്തി പരാതിപ്പെട്ടു. സംഭവത്തിൽ കേസെടുത്തതായും അന്വേഷണം ഉടൻ ആരംഭിക്കുമെന്നും പോലീസ് അറിയിച്ചു.
Discussion about this post