കൊല്ലം: കൊട്ടാരക്കരയിലെ താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്കിടെ വനിതാ ഡോക്ടറെ പ്രതി കുത്തിക്കൊന്ന സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. കൊല്ലം ജില്ലാ പോലീസ് മേധാവി ഏഴ് ദിവസത്തിനകം അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി.കെ.ബീനാകുമാരി ആവശ്യപ്പെട്ടു. മാദ്ധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി.
ഇന്ന് രാവിലെയാണ് വൈദ്യപരിശോധനയ്ക്കായി എത്തിച്ച പ്രതിയുടെ കുത്തേറ്റ് ഡോക്ടർ കൊല്ലപ്പെട്ടത്. സ്‌കൂൾ അദ്ധ്യാപകൻ കൂടിയായ പ്രതി ലഹരിക്ക് അടിമയാണെന്ന് പോലീസ് വ്യക്തമാക്കി. പ്രതി നെടുമ്പനയിലെ യുപി സ്‌കൂൾ അധ്യാപകനായ കുടവട്ടൂർ ശ്രീനിലയത്തിൽ എസ്. സന്ദീപിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാൾ സ്ഥിരം പ്രശ്‌നക്കാരനാണെന്നാണ് പ്രദേശവാസികളും പറയുന്നത്. മയക്കുമരുന്ന് ലഹരിയിൽ ഇയാൾ വീട്ടിലും സ്ഥിരമായി പ്രശ്‌നങ്ങൾ ഉണ്ടാക്കുമായിരുന്നു. കഴിഞ്ഞ ദിവസവും രാത്രി ഇയാൾ വീട്ടിലെത്തി പ്രശ്‌നങ്ങൾ ഉണ്ടാക്കിയിരുന്നു. സ്ഥിതി നിയന്ത്രണാതീതമായതോടെയാണ് കുടുംബം പോലീസിനെ വിളിച്ച് വരുത്തുന്നത്.
വീട്ടിലുണ്ടായ പ്രശ്‌നത്തിൽ ഇയാൾക്ക് കാലിന് പരിക്കേറ്റിരുന്നു. ഇതിന് ചികിത്സ തേടിയാണ് ആശുപത്രിയിൽ എത്തിക്കുന്നത്. മുറിവ് ചികിത്സിക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. ആശുപത്രിയിലെത്തിയപ്പോൾ ആദ്യം ശാന്തനായിരുന്നെങ്കിലും ഇയാൾ പെട്ടന്ന് അക്രമാസക്തനാവുകയായിരുന്നു. ഡോക്ടറുടെ മുറിയിലുണ്ടായിരുന്ന സർജിക്കൽ കത്തി ക്കൈലാക്കി, തടയാൻ ചെന്ന പോലീസുകാരെയും പിന്നീട് ഡോക്ടറേയും കുത്തുകയായിരുന്നു. ഡോക്ടറുടെ നെഞ്ചിൽ കയറിയിരുന്ന് തുരുതുരാ കുത്തിയെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. വീട്ടിലും നാട്ടിലും ഇത്രത്തോളം പ്രശ്‌നമുണ്ടാക്കിയ പ്രതിയെ വളരെ ലാഘവത്തോടെയാണ് പോലീസ് കൈകാര്യം ചെയ്തതെന്ന ആരോപണം ശക്തമാണ്.
Discussion about this post