കൊല്ലം കൊട്ടാരക്കരയിൽ യുവ ഡോക്ടറുടെ കൊലപാതകത്തിന് പിന്നാലെ പോലീസിന്റെ അനാസ്ഥയ്‌ക്കെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്. ലഹരിക്ക് അടിമയായ പ്രതിയെ യാതൊരു വിധ സുരക്ഷാ സംവിധാനങ്ങളും ഇല്ലാതെയാണ് ആശുപത്രിയിൽ എത്തിക്കുന്നത്. തങ്ങളുടെ സുരക്ഷയ്ക്ക് ആവശ്യമായ യാതൊരു നീക്കങ്ങളും സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ലെന്ന വിമർശനം ഡോക്ടർമാരും ശക്തമായി ഉന്നയിക്കുന്നുണ്ട്. ഇതിനിടെയാണ് കഴിഞ്ഞ വർഷം സർക്കാർ പുറത്തിറക്കിയ ഒരു ഉത്തരവ് പോലീസിനെ ന്യായീകരിക്കാനെന്ന മട്ടിൽ സമൂഹമാദ്ധ്യമങ്ങളിലെല്ലാം വ്യാപകമായി പ്രചരിക്കുന്നത്.
പ്രതിയെ ഡോക്ടർ പരിശോധിക്കുമ്പോൾ പോലീസ് അടുത്ത് വേണ്ടെന്ന് സർക്കാരിനെ കൊണ്ട് ഉത്തരവിറക്കാൻ ഡോക്ടർ നടത്തിയ പോരാട്ടമാണ് സമൂഹമാദ്ധ്യമങ്ങളിൽ ഇപ്പോൾ ചർച്ചയാകുന്നത്. ഇപ്പോഴത്തെ സംഭവങ്ങൾക്ക് കാരണം ഈ ഉത്തരവാണെന്ന തരത്തിലാണ് ചിലർ ഈ വാർത്ത പ്രചരിപ്പിക്കുന്നത്. എന്നാൽ പോലീസിന്റെ നിഷ്‌ക്രിയത്വം മറച്ചു വയ്ക്കാൻ വേണ്ടിയാണ് സദുദ്ദേശത്തോട് കൂടി നേടിയ ഒരു ഉത്തരവ് തെറ്റായ രീതിയിൽ പ്രചരിപ്പിക്കുന്നതെന്ന് ഡോക്ടർമാർ തന്നെ പറയുന്നു. പ്രതികളോട് പലപ്പോഴും പോലീസ് സ്വീകരിക്കുന്ന സമീപനമാണ് ഇങ്ങനെ ഒരു ഉത്തരവ് കോടതിയിൽ പോയി നേടാൻ ഡോ.പ്രതിഭയെ പ്രേരിപ്പിച്ചത്.
ഡോക്ടർ-പ്രതി ആശയവിനിമയത്തിന് സ്വകാര്യത ഉറപ്പ് വരുത്തുന്നതിന് വേണ്ടിയായിരുന്നു നടപടി. എന്നാൽ പ്രതിക്ക് രക്ഷപെടാൻ കഴിയാത്തത്ര അകലം പോലീസ് പാലിക്കണമെന്നും ഉത്തരവിൽ നിർദ്ദേശിക്കുന്നുണ്ട്. പോലീസ് കസ്റ്റഡിയിൽ മർദനമേറ്റിട്ടുണ്ടെങ്കിൽ പ്രതിയോട് ചോദിച്ച് മനസ്സിലാക്കാൻ ഡോക്ടർക്ക് അവസരമൊരുക്കുക എന്നതാണ് ഈ നിയമത്തിലൂടെ ലക്ഷ്യമിട്ടിരുന്നത്. പലപ്പോഴും പ്രതികൾക്ക് മർദ്ദനമേറ്റിട്ടുണ്ടെങ്കിൽ പോലീസ് സാന്നിദ്ധ്യത്തിൽ ഇത് പലരും മറച്ചുവയ്ക്കും. എന്നാൽ പോലീസ് റിപ്പോർട്ടിൽ എല്ലാകാര്യങ്ങളും രേഖപ്പെടുത്തേണ്ടതായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഒരു ഡോക്ടർ തന്നെ നിയമപോരാട്ടത്തിന് ഇറങ്ങിപ്പുറപ്പെട്ടതെന്നും കെജിഎംഒഎ വിശദമാക്കുന്നു.
Discussion about this post