ന്യൂയോർക്ക്: എഴുത്തുകാരി ഇ.ജീൻ കാരൾ തനിക്കെതിരെ നൽകിയ ലൈംഗികാതിക്രമക്കേസ് വെറും കെട്ടുകഥ മാത്രമാണെന്ന ആരോപണവുമായി ഡോണൾഡ് ട്രംപ്. ആ സ്ത്രീയെ താനിത് വരെ കണ്ടിട്ടില്ലെന്നും ട്രംപ് പറഞ്ഞു. ഒരു അന്താരാഷ്ട്ര മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ട്രംപിന്റെ വെളിപ്പെടുത്തൽ.
” അവർ എനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളെല്ലാം കെട്ടിച്ചമച്ചതാണ്. ഈ സ്ത്രീയെ എനിക്കറിയില്ല. അവരെ ഞാൻ കണ്ടിട്ടില്ല. എന്റെ കുട്ടികളുടെ പേരിൽ ഞാൻ സത്യം ചെയ്യുകയാണ്. അവർ ആരാണെന്ന് എനിക്കറിയില്ല. ഇപ്പോൾ ഉയർന്ന് വരുന്നത് ഒരു വ്യാജകഥയാണ്. കെട്ടിച്ചമച്ച ആരോപണങ്ങളാണ് തനിക്കെതിരെ ഉന്നയിക്കപ്പെട്ടതെന്നും” ട്രംപ് പറയുന്നു. വിധിക്കെതിരെ അപ്പീൽ നൽകുമെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.
ജീൻ കാരൾ നൽകിയ കേസിൽ ട്രംപ് കുറ്റക്കാരനാണെന്നും 50 ലക്ഷം ഡോളർ നഷ്ടപരിഹാരമായി നൽകണമെന്നും ന്യൂയോർക്ക് കോടതി കഴിഞ്ഞ ദിവസമാണ് വിധിച്ചത്. 1996ൽ ട്രംപ് ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപിച്ചാണ് ജീൻ കരാൾ പരാതി നൽകിയത്. മാൻഹാട്ടൻ ഡിപ്പാർട്ട്മെൻറ് സ്റ്റോറിലെ ഡ്രസിംഗ് റൂമിനുള്ളിൽ വെച്ച് ട്രംപ് ലൈംഗികാതിക്രമം നടത്തിയെന്നാണ് കാരളിൻറെ ആരോപണം. ബലാത്സംഗം, ലൈംഗിക പീഡനം തുടങ്ങിയ കുറ്റങ്ങളാണ് ട്രംപിന് മേൽ ആരോപിച്ചിരുന്നത്.












