കോട്ടയം: ഡോ. വന്ദനദാസിനെ കുത്തിക്കൊലപ്പെടുത്തിയ സന്ദീപിന് മാനസികപ്രശ്‌നമാണോ അതേ ഇയാൾ അഭിനയിക്കുന്നതാണോ എന്ന ആശയക്കുഴപ്പം വർദ്ധിക്കുന്നു. പൂജപ്പുര സെൻട്രൽ ജയിലിലാണ് നിലവിൽ 42 കാരനായ സന്ദീപിനെ പാർപ്പിച്ചിരിക്കുന്നത്. ഇയാൾക്കൊപ്പം സഹതടവുകാരില്ലെങ്കിലും, പ്രതി കടുത്ത നിരീക്ഷണത്തിലാണ്. മാനസിക പ്രശ്‌നമുള്ളയാളെ പോലെയാണ്‌സന്ദീപിന്റെ പെരുമാറ്റമെന്നാണ് വിവരം.
രാത്രിയിൽ ഇടയ്ക്കിടെ നിലവിളിച്ചതായി ജയിൽ ജീവനക്കാർ പറയുന്നു. ആരോ കൊല്ലാൻ വരുന്നേ എന്നാണ് നിലവിളിയെന്ന് ജയിലിലെ ഉദ്യോഗസ്ഥർ പറയുന്നു. പരസ്പരവിരുദ്ധമായാണ് ഇയാൾ പെരുമാറുന്നത്.
ഡോക്ടർ വന്ദനയെ കുത്തിയ കാര്യം ഓർമ്മയുണ്ടോ എന്ന് ചോദിച്ചപ്പോൾ ഉണ്ടെന്നാണ് സന്ദീപ് മറുപടി നൽകിയത്. എന്തിനാണ് കുത്തിയത് എന്ന് ചോദിച്ചപ്പോൾ തന്നെ ആരോ കൊല്ലാൻ വരുന്നു എന്നാണ് സന്ദീപ് പറയുന്നത്. കേസിൽ നിന്ന് രക്ഷപ്പെടാനായി ഇയാൾ നടത്തുന്ന നാടകമാണോ ഇതെന്ന സംശയവും ഇതോടെ ഉയരുന്നുണ്ട്.
സ്‌കൂൾ അദ്ധ്യാപകനായ സന്ദീപ് കടുത്ത മദ്യപാനിയാണെന്നാണ് പ്രാഥമിക അന്വേഷണത്തിൽ നിന്ന് വ്യക്തമായത്. സമീപകാലത്താണ് ഇയാൾ ഡീ അഡിക്ഷൻ സെന്ററിൽ നിന്ന് പുറത്തിറങ്ങിയത്. മദ്യത്തിന് അടിമയായതോടെ ഇയാളുടെ ഭാര്യയും കുട്ടികളും ഉപേക്ഷിച്ച് പോയിരുന്നു.
അതേസമയം കൊല്ലപ്പെട്ട ഡോ. വന്ദദാസിന്റെ സംസ്‌കാരചടങ്ങുകൾ പൂർത്തിയായി. മന്ത്രിമാരുൾപ്പെടെയുള്ള പ്രമുഖരടക്കം ആയിരക്കണക്കിന് പേർ അന്ത്യോപചാരം അർപ്പിക്കാൻ എത്തിയിരുന്നു.












