ലഖ്‌നൗ: തന്റെ കാബിനറ്റിലുള്ള മുഴുവൻ മന്ത്രിമാരോടൊപ്പം ‘ദി കേരള സ്റ്റോറി’ സിനിമ കണ്ട് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇന്ന് രാവിലെ 11.30ന് ലോക്ഭവൻ ഓഡിറ്റോറിയത്തിൽ ചിത്രത്തിന്റെ പ്രത്യേക പ്രദർശനം നടത്തിയിരുന്നു. യുഎഫ്ഒ സിനി മീഡിയ നെറ്റ്വർക്ക് ആണ് ചിത്രത്തിന്റെ പ്രത്യേക സ്‌ക്രീനിംഗ് നടത്തിയത്. മഹിളാ മോർച്ചയിലേയും അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തിലേയും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾക്കും ചിത്രം കാണാൻ ക്ഷണം ഉണ്ടായിരുന്നു.
ചിത്രത്തിന്റെ അണിയറ പ്രവർത്തകർ നേരത്തെ മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ചിത്രത്തിലെ പ്രധാന നടിയായ ആദ ശർമ്മ, സംവിധായകൻ സുദീപ്‌തോ സെൻ, നിർമ്മാതാവ് വിപുൽ അമൃത് ഷാ എന്നിവരാണ് മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച നടത്തിയത്. ചിത്രത്തിന് സംസ്ഥാനത്ത് നികുതിയിളവും യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചിരുന്നു.
അതേസമയം വിമർശനങ്ങളേയും എതിർപ്പുകളേയും മറികടന്ന് ചിത്രം മികച്ച സ്വീകാര്യത നേടി പ്രദർശനം തുടർന്ന് കൊണ്ടിരിക്കുകയാണ്. ഏഴ് ദിവസം കൊണ്ട് 80 കോടി രൂപയാണ് ബോക്‌സ്ഓഫീസ് കളക്ഷനായി നേടിയത്. രണ്ട് ദിവസത്തിനുള്ളിൽ തന്നെ ചിത്രം 100 കോടി ക്ലബ്ബിൽ കയറുമെന്നാണ് വിലയിരുത്തൽ. ആദ്യ ദിവസം എട്ട് കോടി രൂപയാണ് ചിത്രം നേടിയത്. ഇന്നലെവരെ 80.86 കോടിയാണ് കളക്ഷൻ ലഭിച്ചതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
Discussion about this post