ചെന്നൈ; തമിഴ്‌നാട്ടിൽ ഇലക്ട്രിക് വാഹന-ഘടക നിർമാണ യൂണിറ്റ് ആരംഭിക്കാൻ ധാരണാപത്രം ഒപ്പിട്ട് കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ. 20,000 കോടി രൂപ ചെലവിലാണ് യൂണിറ്റ് ആരംഭിക്കാൻ തീരുമാനമായിട്ടുള്ളത്. ഉൽപ്പാദനം വർധിപ്പിക്കുക, പുതിയ മോഡൽ ഇലക്ട്രിക് വാഹനങ്ങൾ പുറത്തിറക്കുക എന്നിവയാണ് പത്തു വർഷ കാലയളവനുള്ളിൽ നിക്ഷേപം നടത്തുന്നതിലൂടെ ലക്ഷ്യമിടുന്നത്.
അഞ്ചു വർഷത്തിനുള്ളിൽ 1,78,000 യൂണിറ്റ് പ്രതിവർഷ ഉൽപ്പാദന ശേഷിയുള്ള ബാറ്ററി പാക്ക് അസംബ്ലി യൂണിറ്റുകൾ, സംസ്ഥാനത്തെ ദേശീയ പാതകളിൽ 100 ചാർജിംഗ് സ്റ്റേഷനുകൾ എന്നിവ നിർമിക്കും. മൊത്തം ഉൽപ്പാദനം പ്രതിവർഷം 8,50,000 യൂണിറ്റായി ഉയർത്തുക, ശ്രീപെരുമ്പത്തൂരിലെ ഫാക്ടറിയിൽ നിന്നും പുതിയ ഇലക്ട്രിക് വാഹനങ്ങൾ അവതരിപ്പിക്കുക എന്നീ പദ്ധതികൾ ചടങ്ങിൽ ഹ്യുണ്ടായ് പ്രഖ്യാപിച്ചു. ഇതുവഴി 15,000 പേർക്ക് നേരിട്ടും 2.5 ലക്ഷം പേർക്ക് പരോക്ഷമായും തൊഴിലവസരങ്ങൾ ലഭിക്കുമെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പറഞ്ഞു.
Discussion about this post