ധാക്ക : 2026 ലെ ഐസിസി ടി20 ലോകകപ്പിൽ പങ്കെടുത്തേക്കില്ലെന്ന സൂചനയുമായി ബംഗ്ലാദേശ്. ലോകകപ്പ് മത്സരവേദി ഇന്ത്യയിൽ നിന്നും മാറ്റില്ല എന്നുള്ള ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ തീരുമാനം ഖേദകരമാണെന്നും ബംഗ്ലാദേശ് വിലയിരുത്തി.
ബിസിസിഐയുടെ നിർദ്ദേശപ്രകാരം ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമിൽ നിന്ന് ബംഗ്ലാദേശ് താരം മുസ്തഫിസുർ റഹ്മാനെ പുറത്താക്കിയ തീരുമാനത്തിന് പിന്നാലെയാണ് ബംഗ്ലാദേശ് ടി20 ലോകകപ്പിനായി ഇന്ത്യയിലേക്ക് ഇല്ലെന്നുള്ള നിലപാട് സ്വീകരിച്ചത്.
ഇന്ത്യയിലെ ബംഗ്ലാദേശ് ഉദ്യോഗസ്ഥർ നേരിടുന്ന സുരക്ഷാ ആശങ്കകളുടെ ഗൗരവം ആഗോള ബോഡി കുറച്ചുകാണിച്ചുവെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് കുറ്റപ്പെടുത്തി. ബംഗ്ലാദേശ് ലോകകപ്പ് കളിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിലും നടക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കുന്നത് സുരക്ഷാ ആശങ്കകൾ ഉള്ളതും രാജ്യത്തിന്റെ ദേശീയ അന്തസ്സിനെ കളങ്കപ്പെടുത്തുന്നതും ആണെന്ന് ധാക്കയിൽ നടന്ന ഉന്നതതല യോഗത്തിന് ശേഷം കായിക ഉപദേഷ്ടാവ് ആസിഫ് നസ്രുൾ പ്രതികരിച്ചു.
ബംഗ്ലാദേശിന്റെ ലീഗ് ഘട്ട മത്സരങ്ങൾ ഇന്ത്യയിൽ നിന്ന് മാറ്റണമെന്ന അഭ്യർത്ഥന ആവർത്തിച്ച് ഐസിസിക്ക് മറ്റൊരു ഔപചാരിക കത്ത് അയയ്ക്കുമെന്ന് ബിസിബി പ്രസിഡന്റ് അമിനുൾ ഇസ്ലാം ബുൾബുൾ അറിയിച്ചു. ബംഗ്ലാദേശിന്റെ ആവശ്യങ്ങളും ആശങ്കകളും മനസ്സിലാക്കുന്നതിൽ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ പരാജയപ്പെട്ടു എന്നും അദ്ദേഹം കുറ്റപ്പെടുത്തി.










Discussion about this post