ബാറ്റിംഗിലെ കരുത്ത് പോലെ തന്നെ തന്റെ കരുതൽ കൊണ്ടും ആരാധകരുടെ ഹൃദയം കീഴടക്കിയിരിക്കുകയാണ് ഇന്ത്യൻ താരം രോഹിത് ശർമ്മ. വിമാനത്താവളത്തിൽ വെച്ച് അപകടത്തിൽപ്പെടാൻ സാധ്യതയുണ്ടായിരുന്ന ഒരു കൊച്ചു കുട്ടിയെ സമയോചിതമായ ഇടപെടലിലൂടെ രക്ഷിച്ച രോഹിത്, കുട്ടിയുടെ കാര്യത്തിൽ ജാഗ്രത പാലിക്കാത്ത മാതാപിതാക്കളെ സ്നേഹപൂർവ്വം തിരുത്തുകയും ചെയ്തു.
എയർപോർട്ടിൽ ആരാധകർക്കിടയിലൂടെ നടന്നുനീങ്ങുന്നതിനിടെയാണ് ഒരു ചെറിയ കുട്ടി താൻ നടക്കുന്ന വഴിയിലെ തിരക്കിനിടയിൽ നിൽക്കുന്നത് രോഹിത്തിന്റെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ താരം ഇടപെടുകയും കുട്ടിയെ അദ്ദേഹം കൈയിൽ പിടിക്കുകയും ചെയ്തു. കുട്ടിയുടെ മാതാവ് ഉടനടി അടുത്തേക്ക് വന്നപ്പോൾ രോഹിത് മാതാപിതാക്കളോട് അല്പം ഗൗരവത്തിൽ സംസാരിച്ചു. “ഇത് തെറ്റാണ്” എന്ന് പറഞ്ഞ അദ്ദേഹം, തിരക്കുള്ള സ്ഥലങ്ങളിൽ കുട്ടികളെ ശ്രദ്ധിക്കാതെ വിടരുതെന്നും അവർക്ക് പരിക്കേൽക്കാൻ സാധ്യതയുണ്ടെന്നും മാതാപിതാക്കളെ ഓർമ്മിപ്പിച്ചു.
അതിനിടെ ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയ്ക്ക് മുന്നോടിയായി മുംബൈയിൽ പരിശീലനം നടത്തുന്ന രോഹിത് ശർമ്മയുടെ പുതിയ വീഡിയോയാണ് ആരാധകർക്കിടയിൽ വലിയ ചർച്ചയായിരിക്കുന്നത്. മുൻപത്തെക്കാൾ വല്ലാതെ മെലിഞ്ഞ ലുക്കിലാണ് താരം വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. ദക്ഷിണാഫ്രിക്കൻ പരമ്പരയ്ക്ക് ശേഷം കഠിനമായ പരിശീലനത്തിലൂടെ രോഹിത് തന്റെ ഭാരം ഗണ്യമായി കുറച്ചതായാണ് വീഡിയോ സൂചിപ്പിക്കുന്നത്. താരത്തിന്റെ ഈ ശാരീരിക മാറ്റം കണ്ട് “ഇത് രോഹിത് തന്നെയാണോ” എന്നാണ് ആരാധകർ ചോദിക്കുന്നത്.
പരിശീലനത്തിനിടെ രോഹിത് ധരിച്ചിരുന്ന പുതിയ ഡിസൈനിലുള്ള ഹെൽമറ്റും ശ്രദ്ധയാകർഷിച്ചു. നെറ്റ്സിൽ സിക്സറുകൾ പറത്തുന്ന താരത്തിന്റെ ബാറ്റിംഗ് ഫോം പഴയതുപോലെ തന്നെയുണ്ടെന്നും ആരാധകർ വിലയിരുത്തുന്നു. പരിശീലനത്തിനിടെ ഒരു ആരാധകൻ മറാത്തിയിൽ രോഹിത്തിനോട് തന്റെ പ്രിയപ്പെട്ട ഭക്ഷണമായ വടപാവ് വേണോ എന്ന് ചോദിച്ചപ്പോൾ, ചിരിച്ചുകൊണ്ട് താരം അത് നിരസിക്കുന്ന മറ്റൊരു വീഡിയോയും വൈറലായിട്ടുണ്ട്. ഫിറ്റ്‌നസിൽ താരം എത്രത്തോളം ശ്രദ്ധിക്കുന്നു എന്നതിന്റെ തെളിവായി ഇതിനെ ആരാധകർ കാണുന്നു.
https://twitter.com/i/status/2008884347487780984













Discussion about this post