റഷ്യ-യുക്രൈൻ യുദ്ധത്തിൽ റഷ്യയെ സാമ്പത്തികമായി ഒറ്റപ്പെടുത്താനുള്ള നീക്കങ്ങൾ അമേരിക്ക ശക്തമാക്കുന്നു. റഷ്യയിൽ നിന്ന് എണ്ണയും യുറേനിയവും വാങ്ങുന്ന രാജ്യങ്ങളെ ശിക്ഷിക്കാൻ ലക്ഷ്യമിട്ടുള്ള ‘Sanctioning Russia Act 2025’ എന്ന ബില്ലിന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അംഗീകാരം നൽകി. റിപ്പബ്ലിക്കൻ സെനറ്റർ ലിൻഡ്സി ഗ്രഹാം, ഡെമോക്രാറ്റിക് സെനറ്റർ റിച്ചാർഡ് ബ്ലൂമെന്താൽ എന്നിവർ സംയുക്തമായി അവതരിപ്പിച്ച ഈ ബിൽ അടുത്ത ആഴ്ച അമേരിക്കൻ കോൺഗ്രസിൽ വോട്ടെടുപ്പിന് എത്തും.
റഷ്യൻ എണ്ണയുടെ ലോകത്തിലെ ഒന്നാമത്തെ വലിയ ഉപഭോക്താവായ ചെെനയെയും രണ്ടാമത്തെ വലിയ ഉപഭോക്താവായ ഇന്ത്യയെയും ലക്ഷ്യം വെച്ചാണ് ഈ നീക്കം. റഷ്യയുടെ യുദ്ധച്ചെലവിനുള്ള പണം കണ്ടെത്തുന്നത് ഈ എണ്ണക്കച്ചവടത്തിലൂടെയാണെന്നാണ് യുഎസിൻ്റെ വാദം.കഴിഞ്ഞ വർഷം ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതിക്ക് ട്രംപ് ഭരണകൂടം 50 ശതമാനം നികുതി ഏർപ്പെടുത്തിയിരുന്നു. ഇത് ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധത്തിൽ വിള്ളലുണ്ടാക്കി. എന്നാൽ, പുതിയ ബില്ലിലൂടെ ഈ നികുതി 500 ശതമാനം വരെ ഉയർത്താനാണ് അമേരിക്കൻ നീക്കം.
പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ അടുത്ത സുഹൃത്താണെന്ന് പറയുമ്പോഴും, റഷ്യൻ എണ്ണയുടെ കാര്യത്തിൽ മോദിക്ക് തന്റെ അതൃപ്തി അറിയാമെന്ന് ട്രംപ് അടുത്തിടെ അവകാശപ്പെട്ടിരുന്നു. “എന്നെ സന്തോഷിപ്പിക്കുക എന്നത് അവർക്ക് പ്രധാനമാണ്” എന്നായിരുന്നു ട്രംപിന്റെ പ്രതികരണം. അരിയുൾപ്പെടെയുള്ള ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് മേൽ നേരത്തെ തന്നെ ട്രംപ് നികുതി ഭീഷണി ഉയർത്തിയിരുന്നു. ഇന്ത്യയിലെ കർഷകരെയും ക്ഷീരമേഖലയെയും ബാധിക്കുന്ന വിധത്തിൽ അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് ഇളവ് നൽകണമെന്ന ആവശ്യവും ശക്തമാണ്. എന്നാൽ രാജ്യതാൽപ്പര്യം പ്രധാനമെന്നാണ് ഇന്ത്യയുടെ നിലപാട്.
അമേരിക്കയുടെ ഭീഷണിക്ക് മുന്നിൽ വഴങ്ങില്ലെന്ന ഉറച്ച നിലപാടിലാണ് ഇന്ത്യ.. രാജ്യത്തെ ജനങ്ങൾക്ക് കുറഞ്ഞ നിരക്കിൽ ഇന്ധനം ലഭ്യമാക്കുക എന്നത് ദേശീയ താൽപ്പര്യമാണെന്നും വിദേശനയത്തിൽ ഭാരതം സ്വതന്ത്രമാണെന്നും വിദേശകാര്യ മന്ത്രാലയം ആവർത്തിച്ചു. അമേരിക്കൻ സമ്മർദ്ദത്തിന് വഴങ്ങി കർഷകരുടെ താൽപ്പര്യങ്ങൾ ബലികൊടുക്കില്ലെന്നും ഭാരതം വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, ചൈനയുമായുള്ള അമേരിക്കയുടെ ബന്ധം ഇതിനോടകം തന്നെ വഷളായിരിക്കുകയാണ്. ചൈനീസ് ഉൽപ്പന്നങ്ങൾക്ക് മേൽ 145 ശതമാനം നികുതിയാണ് അമേരിക്ക ചുമത്തിയിരിക്കുന്നത്. ഇതിന് പകരമായി അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് 125 ശതമാനം നികുതി ചുമത്തി ചെെനയും തിരിച്ചടിച്ചു. ഈ വ്യാപാര യുദ്ധത്തിലേക്ക് ഭാരതത്തെ കൂടി വലിച്ചിഴയ്ക്കാനാണ് ട്രംപിന്റെ ശ്രമം.










Discussion about this post