2026 ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിന് മുന്നോടിയായി ഇന്ത്യൻ ടീമിന് വലിയ തിരിച്ചടി. മധ്യനിര ബാറ്റർ തിലക് വർമ്മയ്ക്ക് അടിയന്തര ശസ്ത്രക്രിയ വേണ്ടിവന്നതിനെത്തുടർന്ന് അദ്ദേഹത്തിന് ന്യൂസിലൻഡിനെതിരായ ടി20 പരമ്പര നഷ്ടമാകും എന്നാണ് ഏറ്റവും നിരാശപ്പെടുത്തുന്ന വാർത്ത.
വിജയ് ഹസാരെ ട്രോഫിയിൽ ഹൈദരാബാദിന് വേണ്ടി കളിക്കുന്നതിനിടെ രാജ്കോട്ടിൽ വെച്ചാണ് തിലക് വർമ്മയ്ക്ക് കഠിനമായ വയറുവേദന അനുഭവപ്പെട്ടത്. തുടർന്ന് നടത്തിയ പരിശോധനയിൽ ചില പ്രശ്നങ്ങൾ കണ്ടെത്തുകയും അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയും ചെയ്തു.
ശസ്ത്രക്രിയയ്ക്ക് ശേഷം കുറഞ്ഞത് മൂന്ന് മുതൽ നാല് ആഴ്ച വരെ വിശ്രമം വേണ്ടിവരുമെന്നാണ് റിപ്പോർട്ടുകൾ. ഇതോടെ ജനുവരി 21-ന് തുടങ്ങുന്ന ന്യൂസിലൻഡിനെതിരായ അഞ്ച് മത്സരങ്ങളുള്ള ടി20 പരമ്പര താരത്തിന് പൂർണ്ണമായും നഷ്ടമാകും. ഫെബ്രുവരി 7-ന് തുടങ്ങുന്ന ടി20 ലോകകപ്പിൽ ഇന്ത്യയുടെ ആദ്യ മത്സരങ്ങളിൽ തിലക് കളിക്കുന്ന കാര്യത്തിലും ഇപ്പോൾ ആശങ്ക നിലനിൽക്കുന്നുണ്ട്. ഇന്ത്യയുടെ ലോകകപ്പ് സ്ക്വാഡിലെ പ്രധാന അംഗമാണ് തിലക് വർമ്മ.
തിലക് വർമ്മയ്ക്ക് പകരം കിവി പരമ്പരയിൽ ശ്രേയസ് അയ്യർ അല്ലെങ്കിൽ റിയാൻ പരാഗ് എന്നിവരെ ടീമിലേക്ക് പരിഗണിക്കാൻ സാധ്യതയുണ്ട്. ശുഭ്മാൻ ഗില്ലിനെ പകരക്കാരനായി കൊണ്ടുവരാൻ സാധ്യത കുറവാണെന്നാണ് ബിസിസിഐ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ഴിഞ്ഞ കുറച്ചു കാലമായി ടി20 ക്രിക്കറ്റിൽ തകർപ്പൻ ഫോമിലായിരുന്നു തിലക് വർമ്മ. ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയിലും ഏഷ്യ കപ്പ് ഫൈനലിലും താരം മികച്ച പ്രകടനം നടത്തിയിരുന്നു.













Discussion about this post