ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയ്ക്ക് മുന്നോടിയായി മുംബൈയിൽ പരിശീലനം നടത്തുന്ന രോഹിത് ശർമ്മയുടെ പുതിയ വീഡിയോയാണ് ആരാധകർക്കിടയിൽ വലിയ ചർച്ചയായിരിക്കുന്നത്. മുൻപത്തെക്കാൾ വല്ലാതെ മെലിഞ്ഞ ലുക്കിലാണ് താരം വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. ദക്ഷിണാഫ്രിക്കൻ പരമ്പരയ്ക്ക് ശേഷം കഠിനമായ പരിശീലനത്തിലൂടെ രോഹിത് തന്റെ ഭാരം ഗണ്യമായി കുറച്ചതായാണ് വീഡിയോ സൂചിപ്പിക്കുന്നത്. താരത്തിന്റെ ഈ ശാരീരിക മാറ്റം കണ്ട് “ഇത് രോഹിത് തന്നെയാണോ” എന്നാണ് ആരാധകർ ചോദിക്കുന്നത്.
പരിശീലനത്തിനിടെ രോഹിത് ധരിച്ചിരുന്ന പുതിയ ഡിസൈനിലുള്ള ഹെൽമറ്റും ശ്രദ്ധയാകർഷിച്ചു. നെറ്റ്സിൽ സിക്സറുകൾ പറത്തുന്ന താരത്തിന്റെ ബാറ്റിംഗ് ഫോം പഴയതുപോലെ തന്നെയുണ്ടെന്നും ആരാധകർ വിലയിരുത്തുന്നു. പരിശീലനത്തിനിടെ ഒരു ആരാധകൻ മറാത്തിയിൽ രോഹിത്തിനോട് തന്റെ പ്രിയപ്പെട്ട ഭക്ഷണമായ വടപാവ് വേണോ എന്ന് ചോദിച്ചപ്പോൾ, ചിരിച്ചുകൊണ്ട് താരം അത് നിരസിക്കുന്ന മറ്റൊരു വീഡിയോയും വൈറലായിട്ടുണ്ട്. ഫിറ്റ്‌നസിൽ താരം എത്രത്തോളം ശ്രദ്ധിക്കുന്നു എന്നതിന്റെ തെളിവായി ഇതിനെ ആരാധകർ കാണുന്നു. നിലവിൽ അദ്ദേഹം ചിക്കൻ, മുട്ട തുടങ്ങിയ ഹൈ-പ്രോട്ടീൻ ഡയറ്റും കാർബോഹൈഡ്രേറ്റ് കുറഞ്ഞ ഭക്ഷണക്രമവുമാണ് പിന്തുടരുന്നതെന്ന് റിപ്പോർട്ടുകളുണ്ട്.
ജനുവരി 11-ന് വഡോദരയിലാണ് ന്യൂസിലൻഡിനെതിരായ ആദ്യ ഏകദിനം. ടെസ്റ്റിൽ നിന്നും ടി20യിൽ നിന്നും വിരമിച്ച ശേഷം ഏകദിന ക്രിക്കറ്റിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന രോഹിത്തിന് ന്യൂസിലൻഡ് പരമ്പരയ്ക്ക് ശേഷം ഇംഗ്ലണ്ടുമായും ഇന്ത്യയ്ക്ക് ഏകദിന പരമ്പരയുണ്ട്. 2026-ൽ ആകെ 18 ഏകദിന മത്സരങ്ങളാണ് അവർ കളിക്കാൻ പോകുന്നത്.
“രോഹിത് 2.0 ലോഡിംഗ്”, “ഹിറ്റ്മാൻ തിരിച്ചുവരുന്നു” തുടങ്ങിയ ഹാഷ്‌ടാഗുകളോടെയാണ് വീഡിയോ വൈറലായത്. ആരാധകർ അദ്ദേഹത്തിന്റെ പുതിയ രൂപത്തെ 2013-ലെ രോഹിത് ശർമ്മയുമായാണ് (തടി കുറഞ്ഞ പഴയ ലുക്ക്) താരതമ്യം ചെയ്യുന്നത്.
https://twitter.com/i/status/2008519547155067126













Discussion about this post