തിരൂർ: മാരുതി ജിപ്‌സി വാഹനത്തിൽ സ്‌കൂൾ ഗ്രൗണ്ടിൽ അഭ്യാസം നടത്തി സോഷ്യൽ മീഡിയയിൽ വൈറലായ സംഘം പുലിവാല് പിടിച്ചു. അപകടകരമായ രീതിയിലെ അഭ്യാസപ്രകടനം സോഷ്യൽ മീഡിയയിൽ തരംഗമായതോടെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ഉടമയുടെ വീട്ടിലെത്തുകയായിരുന്നു.
തിരൂർ സബ് റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസിലെ ഉദ്യോഗസ്ഥരാണ് വാഹനം പിടിച്ചെടുത്തത്. നിലവിലില്ലാത്ത അന്യ സംസ്ഥാന വാഹന നമ്പർ ആയിരുന്നു വാഹനത്തിൽ പതിച്ചിരുന്നത്. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ വഴിതെറ്റിക്കാനായിരുന്നു ഇതെന്നാണ് നിഗമനം.
വാഹനത്തെക്കുറിച്ച് അന്വേഷണം നടത്തി ഉടമസ്ഥന്റെ വീട് കണ്ടെത്തിയ ഉദ്യോഗസ്ഥർ അതിന് പിന്നിൽ ഒളിപ്പിച്ചിരുന്ന വാഹനവും പിടിച്ചെടുത്തു. തുടർ നിയമ നടപടികൾ സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
സ്‌കൂൾ അധികൃതരുടെയും നാട്ടുകാരുടെയും സഹകരണത്തോടെയാണ് വാഹനം കണ്ടെത്തിയത്. പൊടി നിറഞ്ഞ സ്‌കൂൾ ഗ്രൗണ്ടിൽ വാഹനം അതിവേഗം ഓടിക്കുന്നതും സ്‌കിഡ് ചെയ്യിപ്പിച്ച് പൊടിപറപ്പിക്കുന്നതുമായ വീഡിയോയാണ് വൈറലായത്. സ്‌കൂൾ യൂണിഫോമിട്ട കുട്ടികളും വാഹനത്തിലുണ്ടായിരുന്നു.












