ലക്‌നൗ : സംസ്ഥാന വ്യാപകമായി പോലീസ് സ്‌റ്റേഷനുകളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കാനൊരുങ്ങി യോഗി സർക്കാർ. പോലീസിന്റെ പ്രവർത്തനത്തിൽ സുതാര്യത വർദ്ധിപ്പിക്കുന്നതിനായി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. രാജ്യത്തെ എല്ലാ ജയിലുകളിലും ക്യാമറകൾ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. ആവശ്യം കണക്കിലെടുത്ത് ഇത് സംസ്ഥാനത്ത് നടപ്പാക്കുമെന്നും ധനമന്ത്രി സുരേഷ് ഖന്ന അറിയിച്ചു.
സിസിടിവി ക്യാമറയിൽ പതിയുന്ന ദൃശ്യങ്ങൾ 12 മാസം വരെ സൂക്ഷിക്കപ്പെടും. ഇത് അന്വേഷണങ്ങൾക്കോ നിയമനടപടികൾക്കോ സഹായകമാകും. പോലീസ് സ്റ്റേഷനുകളിലെ നടപടികൾ തുടർച്ചയായി രേഖപ്പെടുത്തുമെന്നും മന്ത്രിയുടെ പ്രസ്താവനയിൽ പറയുന്നു. സംസ്ഥാനത്തുടനീളമുള്ള സർക്കിൾ ആസ്ഥാനങ്ങളിലും ജില്ലാ പോലീസ് സ്റ്റേഷനുകളിലും അഞ്ച് ക്യാമറകൾ സ്ഥാപിക്കും. പദ്ധതിയുടെ ആകെ ചെലവ് 359 കോടിയാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും ഇത് 144.90 കോടിയായി കുറഞ്ഞു.
സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലും സിസിടിവി ക്യാമറകൾ സ്ഥാപിക്കാൻ ഉത്തർപ്രദേശിലെ മന്ത്രിമാരുടെ കൗൺസിൽ എടുത്ത തീരുമാനം നിയമപാലനത്തിൽ കൂടുതൽ സുതാര്യതയ്ക്കും ഉത്തരവാദിത്തത്തിനും വഴിയൊരുക്കും. പോലീസിന്റെ ഏതെങ്കിലും തരത്തിലുള്ള തെറ്റായ പെരുമാറ്റമോ അധികാര ദുർവിനിയോഗമോ തടയാനും പൗരന്മാർക്ക് സുരക്ഷിതത്വബോധം നൽകാനും ഇത് സഹായിക്കുമെന്നും പ്രസ്താവനയിൽ പറയുന്നു.
Discussion about this post