കോട്ടയം; പോലീസിന്റെ കൈയ്യിൽ തോക്ക് വേണ്ട, ആ കസേര എടുത്ത് ഒരു അടി കൊടുത്താൽ അവിനെ പിടിച്ചുനിർത്താൻ കഴിയില്ലേ?. പിന്നെ എന്തിനാണ് ഈ പോലീസിനെയൊക്കെ വെച്ചോണ്ടിരിക്കുന്നത്. തങ്ങളെ ആശ്വസിപ്പിക്കാൻ വീട്ടിലെത്തിയ സിപിഎം നേതാവും മുൻ ആരോഗ്യമന്ത്രിയുമായ കെകെ ശൈലജയോട് ഡോ. വന്ദനയുടെ പിതാവ് കെ.ജി മോഹൻദാസിന്റെ ചോദ്യമായിരുന്നു ഇത്.
എന്നിട്ട് പോലീസുകാർ ഗേറ്റ് അടച്ചിട്ട് പുറത്തേക്ക് പോകുക. എന്റെ കൊച്ച് മാത്രം അതിനുളളിലായി. ഇറങ്ങിപ്പോകാൻ വഴിയില്ല. എന്റെ അമ്മയുടെ ആഗ്രഹമായിരുന്നു കൊച്ച് പഠിച്ച് ഡോക്ടർ ആകണമെന്ന്. പഞ്ചാബിൽ വിടാൻ പറഞ്ഞതാ. അതിന് താൽപര്യമില്ലാത്തതുകൊണ്ടാണ് പറഞ്ഞ കാശ് കൊടുത്ത് ഇവിടെ സീറ്റ് വാങ്ങിയതെന്നും വന്ദനയുടെ പിതാവ് പറഞ്ഞു.
ഇതുപോലുളള സാഹചര്യങ്ങൾ കൊണ്ടാണ് വിദ്യാർത്ഥികൾ കേരളത്തിൽ നിന്ന് പുറത്തേക്ക് പോകുന്നതെന്നും കെജി മോഹൻദാസ് പറഞ്ഞു. ഇവിടെ ജീവിക്കാനുളള സാഹചര്യവും ജോലി ചെയ്യാനുളള സാഹചര്യവും ഇല്ല.
ഇവിടെ സുരക്ഷ വേണ്ടേ? യൂറോപ്പിലൊക്കെ പോയ ഏതെങ്കിലും പിള്ളേര് തിരിച്ചുവരുമോ? അവിടെ നിൽക്കും. വരില്ല. അവിടെ ഒന്നും പേടിക്കണ്ട. ജോലി ചെയ്താൽ കാശ് കിട്ടും സുരക്ഷയും ഉണ്ടെന്നും മോഹൻദാസ് പറഞ്ഞു.












