കൊൽക്കത്ത; സത്യത്തെ മറച്ചുപിടിക്കാനുള്ള പശ്ചിമബംഗാൾ സർക്കാരിന്റെ ശ്രമങ്ങൾക്കെതിരെ ബിജെപി വനിതാ വിഭാഗം. മുഖ്യമന്ത്രി മമത ബാനർജി സംസ്ഥാനത്ത് വിലക്ക് പ്രഖ്യാപിച്ച ദ കേരള സ്റ്റോറി പ്രദർശിപ്പിക്കുമെന്ന ഉറച്ച തീരുമാനവുമായി മുന്നോട്ട് പോവുകയാണ് ബിജെപി വനിതാ വിഭാഗം. ബിജെപിയുടെ മഹിളാ മോർച്ച പ്രസിഡന്റ് ഫൽഗുനി പത്രയാണ് നിർണായകമായ ഈ പ്രഖ്യാപനം നടത്തിയതും പ്രദർശനത്തിന് നേതൃത്വം വഹിച്ചതും. ബംഗാളിലെ ബരുയിപൂർ ജില്ലയിലെ ബിജെപി ഓഫീസിലാണ് ചിത്രം പ്രദർശിപ്പിച്ചത്. ഫൽഗുനി പത്രയോടൊപ്പം വനിതാ വിഭാഗത്തിലെ മറ്റു പ്രവർത്തകരും ചിത്രം കാണാനെത്തി.
വസ്തുതാപരമായ കാര്യങ്ങളാണ് ചിത്രത്തിൽ പറഞ്ഞിരിക്കുന്നതെന്നും, എന്നാൽ സത്യം പുറത്തുവരണമെന്ന ചിന്ത മമത ബാനർജിക്കില്ലെന്നും ഫൽഗുനി പത്ര കുറ്റപ്പെടുത്തി. ദ കേരള സ്റ്റോറി നിരോധിച്ചതോടെ, ജനങ്ങൾക്ക് ചിത്രം കാണാനുള്ള ആവേശം കൂടുകയാണെന്നും അവർ കൂട്ടിച്ചേർത്തു.
കേരളത്തെ മോശമായി കാണിക്കാൻ ഗൂഢാദ്ദേശ്യത്തോടെ ചിത്രീകരിച്ചതാണ് സിനിമയെന്ന് ആരോപിച്ചായിരുന്നു സിനിമയ്ക്ക് നിരോധനം ഏർപ്പെടുത്തിയത്. സംസ്ഥാന സർക്കാർ ചിത്രം നിരോധിക്കുന്നതു സംബന്ധിച്ച് ഉത്തരവ് പുറത്തിറക്കിയതിന് പിന്നാലെ എല്ലാ തിയേറ്ററുകളും പ്രദർശനം നിർത്തിവച്ചിരുന്നു. സർക്കാരിന്റെ ഈ തീരുമാനത്തിനെതിരെ ചിത്രത്തിന്റെ നിർമാതാക്കൾ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്.
മമത ബാനർജിയുടെ തീരുമാനത്തിനെതിരെ രൂക്ഷവിമർശനവുമായി കേന്ദ്ര ഗ്രാമവികസന സഹമന്ത്രി സാധ്വി നിരഞ്ജൻ ജ്യോതി രംഗത്തെത്തിയിരുന്നു. രാജ്യത്ത് നടക്കുന്ന ക്രൂരതകൾ ഇന്നത്തെ തലമുറയെ കാണിച്ചില്ലെങ്കിൽ അവർ എങ്ങനെ ബോധവാന്മാരാകുമെന്നുള്ള പാഠം മമത ബാനർജി ഉൾക്കൊള്ളണമെന്നും സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്നും അവർ പറഞ്ഞു.
Discussion about this post